‘കാന്‍സര്‍ എന്ന് കേട്ടാല്‍ ചേട്ടന്റെ ഫോട്ടം നോക്കിക്കോളൂ’; കാന്‍സറിനോട് പോ മോനെ ദിനേശ: വൈറലായി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്

January 31, 2019

കാന്‍സര്‍ എന്ന വാക്ക് ഒരല്പം നെഞ്ചിടിപ്പോടെയല്ലാതെ കേള്‍ക്കുന്നവര്‍ വിരളമാണ്. എന്നാല്‍ കാന്‍സറിനോട് പുഞ്ചിരിയോടെ പോരാടുന്ന ചുരുക്കം ചിലരുമുണ്ട്. ഇത്തരത്തിലുള്ള ഒരു പോരാട്ടത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സിജിത്ത് ഊട്ടുമഠത്തില്‍ എന്ന യുവാവ് കാന്‍സറിനോട് പോരാടുന്നത് തളരാത്ത മനസുകൊണ്ടാണ്. കാന്‍സറിന്റെ വിവിധ സ്‌റ്റേജുകളിലെ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചെറുകുറിപ്പോടെ സിജിത് പങ്കുവെയ്ക്കുന്നു.

“ഒരു 4 th സ്റ്റേജ് കാന്‍സര്‍ അപാരത :
തുടക്കം മുതല്‍ ഒടുക്കം വരെയുണ്ട്… ഓരോ pic ലും ഓരോ പാഠം പഠിക്കാനുണ്ട്….
തളരാത്ത മനസ്സും ആയി നിങ്ങളുടെ കൂടെ ഞാന്‍ ഇനിയും ഉണ്ട്… ദൈവത്തിന്റെ തീരുമാനം അതാണ്……….
ഇനി പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്
അതൊക്കെ അടുത്ത പോസ്റ്റില്‍…… ഇനി ഇവിടന്നങ്ങോട്ട് മോനെ ദിനേശാ സവാരി ഗിരി ഗിരി
ആ പിന്നെ ഇനി കാന്‍സര്‍ എന്ന് കേട്ടാല്‍ ചേട്ടന്റെ ഫോട്ടം എടുത്ത് മുന്നില്‍ വച്ചൊന്ന് നോക്കിക്കോളു ട്ടൊ ഐഡിയ പലതും തെളിയും.. പിന്നെ അറിയാതെ നിങ്ങളും ഒരു പോരാളിയാകും തീര്‍ച്ച”. ഫെയ്‌സ്ബുക്കില്‍ സിജിത്ത് കുറച്ചത് ഇങ്ങനെ.

സിജിത്തിന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ ചിലരുടെയെങ്കിലും മിഴികള്‍ അറിയാതെ നിറഞ്ഞുപോകും. എന്നാല്‍ ഏത് വേദനയെയും വെല്ലുവിളിയെയും ചെറു പുഞ്ചിരിയോടെ പൊരുതി തോല്‍പിക്കാനുള്ള സിജിത്തിന്റെ മനക്കരത്തിനുമുന്നില്‍ നാമും ഒപ്പംചേരും. സിജിത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അറിയാതെ ഒരു പോരാളിയാകും.