‘പേര് വന്ന വഴി’, തമിഴ് സിനിമയിൽ തിളങ്ങിനിൽക്കുന്ന താരങ്ങളും അവരുടെ പേരുകളും…
നമുക്ക് പ്രിയപ്പെട്ടവരെ മാത്രം വിളിയ്ക്കാൻ ചിലപ്പോഴൊക്കെ ചില ചെല്ലപ്പേരുകൾ നമ്മൾ കാത്തുവയ്ക്കാറുണ്ട്… വീട്ടിലായാലും കൂട്ടുകാർക്കിടയിലായാലുമെല്ലാം കാണും ചില വിളിപ്പേരുകൾ… തമിഴ് സിനിമ മേഖലയിലും കാണാം പ്രിയപ്പെട്ട നായകന്മാർക്കായി ആരാധകർ ചാർത്തികൊടുത്ത ചില വിളിപ്പേരുകൾ…
തമിഴ് സിനിമ ലോകത്ത് ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് താരാരാധന. തങ്ങളുടെ ഇഷ്ടതാരങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു കൂട്ടം സിനിമ പ്രേമികളെ നമുക്ക് സിനിമാ മേഖലയിൽ കാണാം…തങ്ങളുടെ ഇഷ്ട താരങ്ങൾക്കെല്ലാം വ്യത്യസ്ഥമായ പേരുകൾ നൽകിയാണ് തമിഴ് സിനിമ ലോകം അവരുടെ പ്രിയപ്പെട്ട താരങ്ങളെ വാഴ്ത്തുന്നത്..
തമിഴ് സിനിമയിലെ താരരാജാക്കന്മാരെല്ലാം വ്യത്യസ്ഥമായ പേരുകളിലൂടെ സിനിമ ലോകം കീഴടക്കുമ്പോൾ ഇവർക്ക് ആരാധകർ തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും ഇന്ത്യ ഒട്ടാകെയുമാണ്. തമിഴ് സിനിമയിലെ താരരാജാക്കന്മാർക്ക് ആരാധകർ ചാർത്തിക്കൊടുത്ത പേരുകൾ തമിഴ് സിനിമ ലോകം മാത്രമല്ല തെന്നിന്ത്യ മുഴുവനുമുള്ള ആരാധകർ വിളിപ്പേരാക്കി മാറ്റിയിരിക്കുകയാണ്.
തമിഴ് സിനിമയിലെ ചില പ്രമുഖ താരങ്ങളെയും അവരുടെ വിളിപ്പേരുകളെയും കാണാം…
സ്റ്റൈൽ മന്നൻ, തലൈവർ രജനികാന്ത്
തമിഴ് മക്കൾ ഹൃദയത്തുടിപ്പിനൊപ്പം ചേർത്തുവെച്ച പേരാണ് തലൈവർ രജനികാന്ത്…
1975 മുതല്‍ ഇന്നും സിനിമയില്‍ സജീവമായി തുടരുന്ന സ്റ്റൈൽ മന്നന്റെ അഭിനയവും മെയ് വഴക്കവും ഇന്ത്യൻ സിനിമ ലോകത്ത് മറ്റാർക്കും പകരം വെയ്ക്കാൻ സാധ്യമല്ല..
തമിഴകത്തിന്റെ തലൈവർ രജനീകാന്തിന് ആരാധകർ ചാർത്തികൊടുത്ത പേരാണ് ‘സ്റ്റൈൽ മന്നൻ’ രജനി കാന്ത്. 1975 ലെ ‘അപൂർവ രാഗങ്ങൾ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച രജനി ഇന്ന് ചെന്നുനിൽക്കുന്നത് ഇന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരുടെ പട്ടികയിലാണ്.
ഉലകനായകൻ കമലഹാസൻ
ഇന്ത്യൻ സിനിമയുടെ 100 വർഷങ്ങളിൽ ജീവിതത്തിന്റെ അരനൂറ്റാണ്ട് തുന്നി ചേർത്ത ജീവിതം….
തമിഴ് സിനിമയുടെ മുൻനിര നായകന്മാരിൽ ഒരാളാണ് കമൽഹാസൻ. തമിഴ് സിനിമയ്ക്ക് പുറമെ മലയാളത്തിലും കന്നഡയിലും ഹിന്ദിയിലുമടക്കം ഒട്ടുമിക്ക എല്ലാഭാഷകളിലും നിറഞ്ഞുനിന്ന താരമാണ് കമൽഹാസൻ.
1959 മുതല്‍ ബാലതാരമായി സിനിമയില്‍ എത്തിയ കമല്ഹാസന് സംവിധായകന് നിര്‍മ്മാതാവ് എഴുത്തുകാരന് അഭിനേതാവ് ഗായകന് തുടങ്ങിയ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
വിശ്വരൂപങ്ങൾ പലതും ആ മനുഷ്യന്റെ ശരീരത്തിലൂടെ മിന്നി മറിഞ്ഞിട്ടുണ്ടെന്നുള്ളതിൽ സംശയമില്ല. കൂനനായും സ്ത്രീയായും കുള്ളനായും അരങ്ങിൽ തിളങ്ങിയ താരം ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമാണ്.
മക്കൾ സെൽവൻ വിജയ് സേതുപതി
ആഗ്രഹങ്ങളുടെ കരുത്തും അദ്ധ്വാനങ്ങളുടെ ഊർജവും കൊണ്ട് ഒന്നുമില്ലാതിരുന്ന ഒരാളിൽ നിന്നും തമിഴകം ഒന്നടങ്കം വാഴ്ത്തുന്ന നായകനായി എത്തിയ കലാകാരനാണ് മക്കൾ സെൽവൻ.
തമിഴകത്തു മാത്രമല്ല കേരളക്കരയിലുമുണ്ട് വിജയ് സേതുപതിക്ക് ആരാധകർ ഏറെ. മക്കൾ സെൽവൻ എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിക്കുന്നതുപോലും. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി.
ഇളയ ദളപതി വിജയ്
‘വെട്രി’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് വിജയ് തമിഴ് ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. അന്നുമുതൽ ഇങ്ങോട്ട് തമിഴ് സിനിമ ലോകത്തിന് പകരം വയ്ക്കാനില്ലാത്ത കലാകാരനായി മാറുകയായിരുന്നു വിജയ്.
ബാലതാരമായി വന്ന് കഴിഞ്ഞ 25 വര്‍ഷമായി തെന്നിന്ത്യയിലെ നിറ സാന്നിധ്യമായ ഇളയ ദളപതി ഇപ്പോള്‍ ദളപതിയായി മാറി വളര്‍ച്ചയുടെ പരമോന്നതിയില്‍ എത്തിയിരിക്കുകയാണ്.
തല അജിത്..
പരസ്യചിത്രങ്ങളിലൂടെ തുടക്കം.. പിന്നീട് ചെറുകഥാപാത്രങ്ങളെ അവതരിപ്പിച്ച് ബിഗ് സ്ക്രീനിലേക്ക്.. ഇപ്പോൾ തമിഴകത്തിന്റെ തല..
റൊമാന്റിക് ഹീറോ മുഖവുമായി ആടിപ്പാടുന്ന അജിത്തിനെയാണ് ആദ്യകാലത്ത് തമിഴ് സിനിമ കണ്ടത്. പ്രണയനഷ്ടം മരണതുല്യമായി കണ്ട കാമുകകഥാപാത്രങ്ങളും നിഷ്കളങ്കമായ ചിരിയും ഉള്ളില്‍ മുറിവേറ്റവന്റെ വിങ്ങല്‍ നിറഞ്ഞ മുഖവും അജിത് സിനിമകളില്‍ മിന്നിമറഞ്ഞു വന്നു. പിന്നീട് മാസ് ചിത്രങ്ങളിലൂടെ മാസ് ഹീറോ ആയും അജിത് തമിഴകത്ത് നിറഞ്ഞു.
നടിപ്പിൻ നൻപൻ സൂര്യ
തമിഴകത്ത് നിരവധി ആരാധകരുള്ള താരമാണ് നടിപ്പിൻ നൻപൻ സൂര്യ. ചലച്ചിത്ര മേഖലയിലെ പ്രമുഖ നടന വിസ്മയമാണ് സൂര്യ എന്ന പേരിൽ അറിയപ്പെടുന്ന ശരവണൻ സൂര്യ ശിവകുമാർ.
സൂര്യയുടെ അഭിനയ മികവിനാൽ “നടിപ്പിൻ നായകൻ” എന്ന സ്ഥാനം ലഭിച്ച താരം ‘നേർക്കു നേർ’ എന്ന ആദ്യ സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്നു. പിന്നീട് തമിഴ് സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു സൂര്യ.