മുടിയുടെ സംരക്ഷണത്തിന് ശീലമാക്കാം ഈ ഭക്ഷണങ്ങള്‍

February 14, 2019

പെണ്ണിനഴക് മുടിയാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. അഴകുള്ള മുടി ആഗ്രഹിക്കുന്നവരും കുറവല്ല. മുടിയുടെ കാര്യത്തില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ നല്‍കാന്‍ മിക്കവരും തയാറുമാണ്. ചില ഭക്ഷണങ്ങളും മുടിയുടെ വളര്‍ച്ചയെ ഒരു പരിധി വരെ സഹായിക്കാറുണ്ട്. മുടിയുടെ സംരക്ഷണത്തിന് സഹായകരമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

നെല്ലിക്ക- കാണാന്‍ കുഞ്ഞനാണെങ്കിലും ആരോഗ്യകാര്യത്തില്‍ ഏറെ മുന്നിലാണ് നെല്ലിക്ക. മുഖകാന്തിക്കും ഉത്തമമായ നെല്ലിക്ക മുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകരമാണ്. ആന്റി ഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് മുടിയുടെ ആരോഗ്യസംരക്ഷണത്തിന് ഏറെ ഗുണകരമാണ്.

കറിവേപ്പില- കറിവേപ്പില ധാരാളമായി അടങ്ങിയ കറികള്‍ കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. മുടി സമൃദ്ധമായി വളരുന്നതിനും കറിവേപ്പില ഉത്തമമാണ്.

ഇലക്കറികള്‍- ഇലക്കറികള്‍ ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഇലക്കറികളും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. മുടിയുടെ അറ്റംപൊട്ടുന്നത് തടയുന്നതിനും ഇലക്കറികള്‍ സഹായകരമാണ്. മുരിങ്ങയിലയും ചീരയിലയുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തും.

മത്സ്യങ്ങള്‍- പ്രോട്ടീനും കാല്‍സ്യവും ധാരളമടങ്ങിയ മത്സ്യങ്ങള്‍ ഇന്ന് സുലഭമാണ്. ഇവ മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്താനും സഹായിക്കും. മുടി കൊഴിയുന്നത് തടയാനും പുതിയ മുടി കിളിര്‍ക്കുന്നതിനും മത്സ്യവിഭവങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്.

ധാന്യങ്ങള്‍- തവിട് അടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നതും മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തും. ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ ഈ യും ഇത്തരം ധാന്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കുന്നു.

പ്രോട്ടീന്‍ ധാരാളമടങ്ങിയ മുട്ടയും മാംസവിഭവങ്ങളുമെല്ലാം മുടിയുടെ വളര്‍ച്ചയെ സഹായിക്കാറുണ്ട്. ഭക്ഷണകാര്യത്തില്‍ ഒല്പം ശ്രദ്ധ ചെലുത്തിയാല്‍ അഴകുള്ള തലമുടിയും സ്വന്തമാക്കാം.