ചൂട് കനക്കുന്നു; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

February 28, 2019

പകല് പുറത്തിറങ്ങിയാല്‍ എങ്ങും കനത്ത ചൂട്. ശരീരം വേഗത്തില്‍ ക്ഷീണിക്കുന്ന അവസ്ഥ. ചൂടു കൂടുന്നതോടെ ആരോഗ്യ കാര്യത്തില്‍ ഒരല്പം കരുതലും കൂടുതല്‍ നല്‍കണം. സംസ്ഥാനത്ത് ചൂടു കൂടുന്നതിനാല്‍ സൂര്യഘാതത്തിനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാരും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. രണ്ടുമാസത്തേക്കാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണിവരെ വെയിലത്തുള്ള ജോലിക്കും ലേബര്‍ കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കേണ്ട സമയമാണ് ചൂടുകാലം. ചൂടുകാലത്ത് സൂര്യാതാപം മൂലം മരണം വരെ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിര്‍ജ്ജലീകരണവും ചൂടുകാലത്ത് പലരിലും അനുഭവപ്പെടാറുണ്ട്. ചൂടുകാലത്ത് ആരോഗ്യസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

ചൂടു കൂടുന്നതിനാല്‍ ശരീരത്തിലെ ജലാംശം കുറയാന്‍ സാധ്യത കൂടുതലാണ്. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയെ പറയുന്ന പേര്. അതിനാല്‍തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ചൂടുകാലത്ത് ശീലമാക്കണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് കൂടുതല്‍ നല്ലത്. കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍ കിണറുകള്‍ പൂര്‍ണ്ണമായും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

അന്തരീക്ഷത്തിലെ താപം ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ചൂടുകൂടുതലുള്ള സമയങ്ങളില്‍ പരമാവധി പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. വെയിലത്തുള്ള ജോലികളും വെയില്‍ കനക്കുന്ന സമയങ്ങളില്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. സൂര്യഘാതം പലപ്പോഴും ഗുരുതരമായ പൊള്ളലിലേക്കും ചിലപ്പോള്‍ മരണത്തിലേക്കും വഴിതെളിക്കും.

Read more:ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ടിക് ടോക്ക്

ചൂടുകാലങ്ങളില്‍ വസ്ത്രധാരണത്തിലും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ എപ്പോഴും തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കോട്ടണ്‍ വസ്ത്രങ്ങള്‍ ചൂടുകാലത്ത് ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ ഉത്തമം. ഒതുപോലെതന്നെ വീടും പരിസരവും ചൂടുകാലത്ത് വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ചപ്പുചവറുകള്‍ കൂട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കണം. തീ പിടിക്കാനും തീ പടരാനുമുള്ള സാഹചര്യം ചൂടുകാലത്ത് കൂടുതലാണ്.

പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ കൂടുതലായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇവ ഒരുപരിധിവരെ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെതന്നെ നിര്‍ജ്ജലീകരണാവസ്ഥയെ തടയാനും പഴങ്ങള്‍ ഗുണം ചെയ്യും. അതേസമയം വഴിവക്കില്‍ നിന്നും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നുമെല്ലാം ലഭിക്കുന്ന പാനിയങ്ങള്‍ പരമാവധി കഴിക്കാതിരിക്കുക. ഇത്തരം പാനിയങ്ങള്‍ പലവിധ രോഗങ്ങള്‍ക്കും കാരണമാകും.