മധുവിന്റെ ഓർമ്മയിൽ ‘കനി’ ഒരുക്കി ഒരുകൂട്ടം കലാകാരന്മാർ; പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
ലോകമനഃസാക്ഷിയെ തന്നെ ഞെട്ടിച്ചതായിരുന്നു കഴിഞ്ഞ വർഷം ഫെബ്രുവരി 22 ന് നടന്ന മധു എന്ന ആദിവാസി യുവാവിന്റെ മരണം. അത്രപെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല വിശപ്പിന് വേണ്ടി മരണം വിധിക്കപെട്ട ആ യുവാവിനെ. ഇപ്പോഴിതാ മധു മരിച്ച് ഒരു വർഷം പിന്നിടുമ്പോൾ മധുവിന് ട്രിബ്യൂട്ടുമായി എത്തുകയാണ് ഒരു കൂട്ടം യുവാക്കൾ.
‘കനി’ എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോ മധുവിന് സമർപ്പണമായാണ് ഒരുക്കിയിരിക്കുന്നത്. ഉണ്ണിമുകുന്ദൻ തന്റെ ഒഫിഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ലാറിഷ് സംവിധാനം നിർവഹിച്ച ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് രാഗേഷ് സ്വാമിയാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് അപർണ വി ആണ്.
Read also: ചലച്ചിത്ര സംവിധായിക നയന സൂര്യൻ അന്തരിച്ചു..
അതേസമയം മധു കൊല്ലപ്പെട്ട് ഒരു വര്‍ഷം പൂർത്തിയായിട്ടും കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. കണി എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയിലൂടെ കലാകാരൻമാർ ആവശ്യപ്പെടുന്നതും മധുവിന് നീതിയും അട്ടപ്പാടി ആദിവാസി കോളനിയിൽ ഇനി ഒരാൾകൂടി പട്ടിണി മൂലം മരിക്കരുതെന്ന ആവശ്യവുമാണ്.
മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ഫെബ്രുവരി 22 ന് വൈകിട്ടാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് തൊണ്ണൂറാം ദിവസം 11,640 പേജുളള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ അഗളി ഡിവൈഎസ്പി മണ്ണാര്‍ക്കാട് എസ്സി-എസ്ടി സ്പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ചു. പക്ഷേ ഇനിയും വിചാരണ തുടങ്ങിയിട്ടില്ല. പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായില്ല.