ഹൃദയംതൊടും മംമ്താ മോഹന്‍ദാസിന്റെ ഈ ’10 ഇയര്‍ ചലഞ്ച്’

February 4, 2019

കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ് 10 ഇയര്‍ ചലഞ്ച്. സിനിമാതാരങ്ങളടക്കം നിരവധി പേരാണ് ഈ ചലഞ്ചിന്റെ ഭാഗമായത്. ഇപ്പോഴുള്ള ഫോട്ടോയ്‌ക്കൊപ്പം പത്ത് വര്‍ഷം മുമ്പുള്ള ഫോട്ടോയും പങ്കുവെയ്ക്കുന്നതായിരുന്നു 10 ഇയര്‍ ചലഞ്ച്.

എന്നാല്‍ ഏതൊരാളുടെയും ഹൃദയംതൊടുന്ന ഒരു 10 ഇയര്‍ ചലഞ്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മലയാളികളുടെ പ്രിയതാരം മംമ്താ മോഹന്‍ദാസാണ് ഈ 10 ഇയര്‍ ചലഞ്ചിന് പിന്നില്‍. കാന്‍സര്‍ ദിനമായ ഇന്ന്, കാന്‍സര്‍ രോഗാവസ്ഥയില്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് മംമ്താ മോഹന്‍ദാസിന്റെ 10 ഇയര്‍ ചലഞ്ച്. മുടിയൊന്നുമില്ലാതെ, മുഖം ക്ഷീണാവസ്ഥയിലാണെങ്കിലും മനോഹരമായൊരു പുഞ്ചിരിയുണ്ട് ആ മുഖത്ത്. ജീവിതത്തിലെ വെല്ലുവിളികളെയും പ്രയാസങ്ങളെയുമെല്ലാം ചിരിച്ചുകൊണ്ട് നേരിടാന്‍ ഏതൊരാള്‍ക്കും പ്രചോദനമേകുന്ന പുഞ്ചിരി.

“എന്റെയും കുടുംബത്തിന്റെയും എല്ലാ കാര്യങ്ങളും മാറ്റിമറിച്ച വര്‍ഷമായിരുന്നു 2009. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ ജീവിതത്തില്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ആ വെല്ലുവിളികളോട് തളരാതെ പോരാടാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഏറെ പ്രയാസങ്ങളുണ്ടായിരുന്നിട്ടും എനിക്ക് ശക്തമായി പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു”. ഫെയ്‌സ്ബുക്കില്‍ കുറിച്ച മംമ്തയുടെ ഈ വാക്കുകള്‍ ഹൃദയത്തില്‍ നിന്നുള്ളതാണ്.

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ പിന്തുണയും പ്രോത്സാഹനവുമായി കൂടെനിന്ന ഓരോരുത്തരെയും നന്ദിയോടെ ഓര്‍ക്കുന്നുണ്ട് ഈ കുറിപ്പില്‍ മംമ്താ.