‘മേലെ മേലേ മാനം’; പ്രേക്ഷകമനം കവര്‍ന്ന് ഒരു കവര്‍ സോങ്

നിരവധി പാട്ടുകള്‍ക്ക് കവര്‍ വേര്‍ഷനുകള്‍ ഇറങ്ങാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകമനം കവര്‍ന്നിരിക്കുകയാണ് ഗായിക അഞ്ജു ജോസഫിന്റെ ഒരു കവര്‍ സോങ്. ‘മേലെ മേലേ മാനം…’ എന്നു തുടങ്ങുന്ന ഗാനത്തിനാണ് മനോഹരമായ കവര്‍ ഒരുക്കിയിരിക്കുന്നത്. ആലാപനം മാത്രമല്ല ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും ഏറെ മികച്ചു നില്ക്കുന്നു.
മലയാളികള്‍ പണ്ടേയ്ക്കുപണ്ടേ നെഞ്ചിലേറ്റിയ താരട്ടുപാട്ടാണ് ‘മേലെ മേലെ മാനം…’അതിമനോഹരമായി ഈ ഗാനം ആലപിച്ചിട്ടുണ്ട് കവര്‍ വേര്‍ഷനില്‍ അഞ്ചു ജോസഫ്. വീഡിയോയില്‍ ഇടംനേടിയ ഒരു കുഞ്ഞുമോളുടെ കുസൃതിയും ചിരിയുമെല്ലാം പാട്ടിനൊപ്പം പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുന്നു.
Read more: ശ്രദ്ധേയമായി ‘ഒരു കാഞ്ഞിരപ്പള്ളി പ്രണയം’; വീഡിയോ
ബേബി തന്‍വിയാണ് ആസ്വാദകമനം കവര്‍ന്ന ആ കുട്ടിത്താരം. നിരവധിപേരാണ് ഗാനത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത കവര്‍ സോങ് ഇതിനോടകംതന്നെ അമ്പതിനായിരത്തോളംപേര്‍ കണ്ടുകഴിഞ്ഞു.
1995 ല്‍ പുറത്തിറങ്ങിയ ‘നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’ എന്ന സിനിമയിലേതാണ് ഈ ഗാനം. ജെറി അമല്‍ദേവാണ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. എസ് ജാനകിയും കെജെ യേശുദാസും ചേര്‍ന്നാണ് ചിത്രത്തില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.