മലയാളം പഠിച്ചത് മോഹന്‍ലാലിന്റെ സിനിമ കാണാന്‍, വീല്‍ചെയറില്‍ നിന്ന് എണീക്കാന്‍പോലുമാകാത്ത ആ ആരാധികയ്ക്കരികില്‍ സൂപ്പര്‍സ്റ്റാര്‍; വീഡിയോ

February 22, 2019

ഹൃദയംതൊടുന്നൊരു കൂടിക്കാഴ്ചയ്ക്കാണ് ‘തിരനോട്ടം’ എന്ന മോഹന്‍ലാല്‍ ഷോ സാക്ഷിയായത്. നാദിയ ആദം അഹമ്മദിന്റെ ജീവിതത്തിലെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട ധന്യ മുഹൂര്‍ത്തം.

കുവൈറ്റ് സ്വദേശിയാണ് നാദിയ ആദം അഹമ്മദ്. വീല്‍ചെയറില്‍ നിന്ന് എണീക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഈ വനിത. 36 വയസുണ്ട് നാദിയയ്ക്ക്. കുവൈറ്റ് സര്‍ക്കാരിന്റെ കീഴിലുള്ള കുവൈറ്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ പരിപാലനയിലാണ് നാദിയ.

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വലിയ ആരാധികയാണ് നാദിയ. താരം അഭിനയിച്ച എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. നാദിയ മലയാളം പഠിച്ചതുപോലും മോഹന്‍ലാലിന്റെ ഡയലോഗുകള്‍ മനസിലാക്കാന്‍ വേണ്ടിയാണ്. അത്രമേല്‍ തീവ്രമാണ് നാദിയയ്ക്ക് മോഹന്‍ലാലിനോടുള്ള ആരാധന. മോഹന്‍ലാലിനെ ഒന്നുകാണുക എന്നതുമാത്രമായിരുന്നു നാദിയയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. നാദിയയെ കാണാന്‍തന്നെ തീരുമാനിക്കുകയായിരുന്നു മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ ഡയലോഗുകള്‍ പറഞ്ഞ് താരത്തെപ്പോലും നാദിയ അതിശയിപ്പിച്ചു. പരസ്പരം ഉപഹാരങ്ങള്‍കൈമാറിയും സെല്‍ഫിയെടുത്തുമെല്ലാം ഇരുവരും സന്തോഷം പങ്കുവെച്ചു. ഹൃദയംതൊടുന്ന ഈ കൂടിക്കാഴ്ചയ്ക്ക് നിറഞ്ഞു കൈയടിച്ചും വേദിയും സദസ്സും.