‘ഇതാണ് പേരന്‍പിന്റെ പേരിൽ ഞങ്ങൾക്ക് ലഭിക്കാവുന്ന ആദ്യത്തെ അവാർഡ്’; മമ്മൂട്ടിയുടെ വീട്ടിൽ ചെന്നപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് സാധനയുടെ പിതാവ്..

February 11, 2019

പേരൻപിൽ മമ്മൂട്ടി എന്ന അത്ഭുത നടനൊപ്പം വെള്ളിത്തിരയിൽ മികച്ച അഭിനയം കാഴ്ച്ചവെച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് സാധന. മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാധന,  സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയായി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ നിറഞ്ഞാടുന്ന ചിത്രത്തിന്റെ വിജയത്തിനൊപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെയും ദുല്‍ഖറിനെയും കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സാധനയും കുടുംബവും. സാധനയുടെ പിതാവ് ശങ്കരനാരയണൻ വെങ്കിടേഷാണ് മമ്മൂട്ടിയുടെ വീട്ടിൽ പോയപ്പോഴുണ്ടായ അനുഭവം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തത്‌.

“മമ്മൂട്ടി ഒരു യഥാർത്ഥ മനുഷ്യനാണ്. ഞാനീ കുറിപ്പ് എഴുതുന്നതുപോലും മമ്മൂക്കയോടുള്ള നന്ദി സൂചകമായാണ്, അദ്ദേഹം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയും ദുൽഖർ സൽമാനെ കാണാൻ അവസരം ഉണ്ടാക്കി തരുകയും ചെയ്തു. ചെല്ലമ്മ ദുൽഖറിന്റെ വലിയ ആരാധികയാണ്.

അദ്ദേഹത്തിന്റെ ലാളിത്യം ഞങ്ങളെ തികച്ചും അത്ഭുതപ്പെടുത്തി. ഷൂട്ടിങ് കഴിഞ്ഞിട്ട് എത്തിയിട്ടുകൂടി ഞങ്ങളോടൊപ്പം ഒരു മണിക്കൂറോളം അദ്ദേഹം ചിലവിട്ടു. പേരൻപിൻറെ സംവിധായകൻ റാമിനെയും ചെല്ലമ്മയെയും അദ്ദേഹം അഭിനന്ദിച്ചു. മമ്മൂട്ടി സാറിനൊപ്പവും കുറെ നേരം ചിലവിട്ടു. എല്ലാവരും ഒന്നിച്ചപ്പോൾ ഒരു വലിയ കുടുംബമായിരിക്കുന്നതായി തോന്നി. ഇതാണ് പേരന്‍പിന്റെ പേരിൽ ഞങ്ങൾക്ക് ലഭിക്കാവുന്ന ആദ്യത്തെ അവാർഡ് എന്ന് തോന്നി. വർഷങ്ങളോളം ഈ ദിവസം ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും.” അദ്ദേഹം കുറിച്ചു.