കഥാകാരി അഷിതയെക്കുറിച്ച് ഹൃദയംതൊടുന്നൊരു കുറിപ്പുമായി മാലാ പാര്‍വ്വതി
പ്രശസ്ത്ര എഴുത്തുകാരി അഷിത അന്തരിച്ചു. 63 വയസായിരുന്നു പ്രായം. ഏറെ നാളായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു അഷിത. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അഷിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. കഥാകാരിയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ ഹൃദയംതൊടുന്നൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്രതാരം മാലാപാര്‍വ്വതി.
മാലാ പാര്‍വ്വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
അമ്മ പറഞ്ഞിട്ട് മുമ്പൊരിക്കൽ എഴുതിയ കുറിപ്പ്…
• എനിക്ക് ആരാണ് അഷിത?
• ആകാശത്തിന്റെ ഒരു കീറിൽ പാരോ എന്ന് വിളിച്ച് സ്നേഹ മഴയായി എന്റെ ജീവതത്തിലേക്ക് പെയ്തിറങ്ങിയ ദൈവാംശമുള്ള ശക്തിയാണ് അഷിത . ഞാൻ അഷിതയെ അമ്മ എന്നാണ് വിളിക്കാറ്. അമ്മ ആഗ്രഹിക്കുന്ന പോലെ സ്നേഹം പ്രകടിപ്പിക്കാൻ പറ്റിയിട്ടുണ്ടോ എന്നറിയില്ല . പ്രിയ എ എസ്സിനെയും ബാലയെയും ശ്രീനാഥിനെയും കുറിച്ച് അമ്മ പറയുമ്പോൾ, അവർ അമ്മയ്ക്ക് വേണ്ടി കരുതുന്നതറിയുമ്പോൾ ,എനിക്ക് എന്നെ കുറിച്ചോർത്ത് ലജ്ജ തോന്നാറുണ്ട്. സ്നേഹം വാങ്ങാനും കൊടുക്കാനുമറിയാത്ത എന്നോട് എനിക്ക് വെറുപ്പ് തോന്നാറുണ്ട്. എങ്കിലും അമ്മ സ്നേഹിച്ച് കൊണ്ടേയിരിക്കുന്നു .പഠിപ്പിച്ചും തിരുത്തിയും നേർവഴി നടത്തിയും ആ കാരുണ്യം എന്റെ വരണ്ട മനസ്സിൽ അല്പം നീര് ഇറ്റിച്ച് തരാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
എനിക്കാരാണ് അഷിത? ഞാൻ ഏറ്റവും സനേഹിച്ചിരുന്ന എഴുത്ത്കാരി. കാലം എന്നെ കൊണ്ട് അഷിതയെ അമ്മ എന്ന് വിളിപ്പിക്കും എന്ന് ഞാൻ സ്വപ്നത്തിൽ വിചാരിച്ചിട്ടില്ല. അഷിതയുടെ എഴുത്താണ് എനിക്ക് വഴി കാണിച്ചിരുന്നത്. 2006-ൽ തെരുവിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്ന് തെളിയിക്കാൻ തിരുവനന്തപുരം നഗരത്തിലൂടെ ഞാൻ നടന്നു. മനോരമ പത്രത്തിൽ ഒരു ഫീച്ചർ ചെയ്തു. അത് വലിയ ഒച്ചപ്പാടുണ്ടാക്കി. സക്കറിയ ,പുനത്തിൽ പോലെയുള്ള എഴുത്തുകാർ അഭിപ്രായം പറഞ്ഞതോടെ യാത്ര വിവാദത്തിലായി.അന്ന് നമ്മൾ തമ്മിൽ എന്ന ഷോയിൽ “പാർവ്വതി കണ്ട നേരുകൾ ” എന്ന പേരിൽ ശ്രീകണ്ഠൻ നായർ ചർച്ച സംഘടിപ്പിച്ചു. എന്നെ ആക്ഷേപിക്കുക എന്ന ഉദ്ദേശം ഷോയിലുടനീളം അദ്ദേഹം മറച്ച് വച്ചില്ല. എഴുത്തുകാരൻ മധു (ന്യൂയോർക്ക് ) ഏറ്റവും ആനന്ദത്തോടെ മ്ലേച്ഛ വാദങ്ങൾ നിരത്തി കൊണ്ടിരുന്നു. ആ ചർച്ചയിൽ എനിക്ക് അധികം സംസാരിക്കാൻ കഴിഞ്ഞില്ല .ആ ചർച്ചയിൽ മുഴുവൻ ഞാൻ ഒരു സ്ത്രീയും പറയാത്തത് എന്ന അഷിതയുടെ കഥ പുസ്തകമില്ലാതെ വായിക്കുകയായിരുന്നു. ആ വാക്കുകളിലെ സത്യം എനിക്ക് കാവലുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു . ആ ചർച്ചയ്ക്കൊടുവിൽ എനിക്ക് അവസരം വന്നപ്പോൾ ഞാൻ ആ കഥയെ കുറിച്ച് പറയുകയും ചെയ്തു. അന്ന് എനിക്ക് അഷിതയെ ഈ തരത്തിൽ പരിചയമില്ല.അവർ ശിവേന സഹനർത്തനം എഴുതിയപ്പോൾ എന്റെ വായനയും ആത്മീയതയിലേക്ക് തിരിഞ്ഞു . അവരുടെ വാക്കുകൾ എന്നെ വഴി നടത്തുകയായിരുന്നു. ഏഷ്യാനെറ്റിൽ സുപ്രഭാതം ചെയ്യുന്ന സമയത്താണ് ഞാൻ അഷിതയെ ആദ്യമായി കാണുന്നത്. ഒരു ഓണക്കാലത്ത് .
സാധാരണ ഗതിയിൽ സുപ്രഭാതം ഷോയിൽ ഇന്റർവ്യൂ ചെയ്യുന്നത് രണ്ട് പേരാണ്. എന്നാൽ അഷിതയെ ഇന്റർവ്യൂ ചെയ്യാൻ അന്ന് ഞാൻ മാത്രമേ ഉണ്ടായിരുന്നൊള്ളൂ. എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയോട് ഒരു മണിക്കൂർ ഞാൻ സംസാരിച്ചു. ഇന്റർവ്യൂ കഴിഞ്ഞിട്ടും എനിക്കവരെ മനസ്സിലായില്ല. അവരാരാണ് ? എന്താണിവരുടെ മനസ്സിനെ ഇത്രയും തീവ്രമായി തപിപിക്കുന്നത് എന്ന് ഞാൻ ചിന്തിച്ച് കെണ്ടേയിരുന്നു. വെള്ള സാരിയുടുത്ത എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ കാൽ വണങ്ങിയപ്പോൾ കിട്ടിയ ആനന്ദം എനിക്ക് വർണ്ണിക്കാൻ വിഷമമാണ് .ആ ആനന്ദത്തിൽ പ്രപഞ്ചം ഒരു സത്യം കണ്ടത് കൊണ്ടാകാം അമ്മ എന്ന് വിളിക്കാൻ സാധിക്കുമാറ് അഷിതയെ എനിക്ക് കിട്ടിയത്. എന്നല്ല അമ്മയ്ക്ക് അമ്മയോട് തന്നെ പറയാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയാൻ ,മനസ്സിലെ കനലുകൾ. ഒന്ന് തണുപ്പിക്കാൻ അമ്മ എന്നെ വിളിക്കാൻ തുടങ്ങി. ആ സമയങ്ങളിൽ രാത്രി 9 മണി അമ്മയ്ക്ക് വേണ്ടിയുള്ളതായിരുന്നു. ആരോടും പറയാത്ത വേദനകളാണ് അമ്മയിൽ ക്യാൻസറായി നിറയുന്നത്. അമ്മയുടെ മനസ്സിലെ തമോഗർത്തങ്ങളിൽ കെടുത്താനാവാത്ത കനലായി നീറുന്ന വേദനകൾ ! ഗുരു നിത്യചൈതന്യ യതിയെ നേരിട്ട് കണ്ടിട്ടില്ല. കണ്ടിട്ടുള്ളത് അമ്മയുടെ കണ്ണുകളിലാണ് .ഗുരു പകർന്ന് നൽകിയ ആത്മീയ പ്രകാശം അമ്മയിലെ ചൈതന്യമായി അറിഞ്ഞിട്ടുണ്ട്.
അമ്മയെ അടുത്തറിയണം. ഒരത്ഭുതമാണ്. അതിശയോക്തി പറയുകയല്ല . അഷിതയെ പരിചയമില്ലാത്തവരെ ബോദ്ധ്യപ്പെടുത്താൻ എളുപ്പമാണ്. 3 തവണ കാൻസർ ബാധിച്ചു. കീമോതെറാപ്പികൾ നിരന്തരം നൽകപ്പെടുന്ന ഒരു ശരീരമാണ് അമ്മയുടേത്. തേജസ്സിന് നൽകുന്ന മരുന്നാക്കി അമ്മ അത് മാറ്റി കളഞ്ഞു. അതാണ് അമ്മയിലെ മാജിക്ക്.
പറഞ്ഞാൽ തീരില്ല. അത്രയ്ക്കും അത്രയ്ക്കും തീവ്രമാണ് എനിക്ക് അവരോടുള്ള ബന്ധം . അത് കൊണ്ട് തന്നെ ഞങ്ങളുടെ ഇടയിലുണ്ടായ പിണക്കവും തീവ്രമായിരുന്നു. അമ്മയല്ല പിണങ്ങിയത് എന്ന് എടുത്ത് പറയേണ്ടതില്ല എന്ന് തോന്നുന്നു.
പക്ഷേ അമ്മ തീരുമാനിക്കാതെ അമ്മയുടെ ജീവിതത്തിൽ ഒരില പോലും അനങ്ങില്ല. എല്ലാ ബന്ധങ്ങളെയും കഥകളിലെ കഥാപാത്രങ്ങളെ പോലെ കുരുക്കുണ്ടാക്കി കുരുക്കിൽ പെടുത്തും. എന്നിട്ടത് അഴിച്ച് കൊടുക്കും. അമ്മയുടെ ഉള്ളിലെ ക്യാൻസറിനെ പോലും അമ്മ വട്ടം കറക്കുന്നതായി എനിക്ക് തോന്നാറുണ്ട്. ചുമ്മാ.. ക്യാൻസറിനെ കൊണ്ടൊരു ഹൈക്കു ചൊല്ലിക്കാൻ.
എന്നെ ഏറ്റവുമടുത്തറിയാവുന്ന ചുരുക്കം ചിലരിലൊരാളാണ് അമ്മ. പക്ഷേ ഞാനത്ര നല്ല മകളല്ല. അതെന്തുകൊണ്ടോ എനിക്ക് നല്ലതാവാൻ പറ്റുന്നില്ല. പക്ഷേ ഞങ്ങൾ തമ്മിൽ ഒരു ബന്ധമുണ്ട്. എനിക്ക് വിശദീകരിക്കാനാവാത്ത “എന്തോഒന്ന്”. അഷിതയെ അറിയാൻ ശ്രമിക്കുന്നവർ പരാജയപ്പെടുന്നത് പോലെ ആ “എന്തോ ഒന്നിനെ” അറിയാൻ ശ്രമിച്ച് ഞാനും തോറ്റു. അറിയണ്ട അനുഭവിച്ചാൽ മതി. അത് മറ്റൊന്നുമല്ല സ്നേഹമാണ്.
അഷിതയെ കുറിച്ച് റോസ്മേരി ഒരിക്കൽ പറഞ്ഞത് മനസ്സിൽ നിറയുന്നു. ഒരു ഗ്രാമത്തിലെ ഏതോ ക്ഷേത്രത്തിന്റെ മുമ്പിൽ തെളിഞ്ഞ് നിൽക്കുന്ന ദീപം പേലെയാണ് അഷിത എന്ന് . ഒരു കാറ്റത്തണയുമെന്ന് തോന്നാം. പക്ഷേ ഒരു ദേശത്തിന് മുഴുവൻ വെളിച്ചമായി ,കാറ്റത്തുലയാതെ ശാന്തമായി തെളിഞ്ഞ് കത്തി കൊണ്ടിരിക്കും ആ ദീപം . ആ വെളിച്ചത്തിന്റെ പാദത്തിൽ ഞാൻ നമസ്ക്കരിക്കുന്നു.
മയില്‍പ്പീലി സ്പര്‍ശം, അപൂര്‍ണ വിരാമങ്ങള്‍, കല്ലുവെച്ച നുണകള്‍, മഴ മേഘങ്ങള്‍, അഷിതയുടെ കഥകള്‍, വിസ്മയചിഹ്നങ്ങള്‍, റൂമി പറഞ്ഞ കഥകള്‍, അഷിതയുടെ ഹൈക്കു കവിതകള്‍, നിലാവിന്റെ നാട്ടില്‍, ഒരു സ്ത്രീയും പറയാത്തത്, ഒരു സ്ത്രീയോടു ചെയ്യുന്നത് തുടങ്ങിയവയാണ് അഷിതയുടെ പ്രധാന സാഹിത്യ കൃതികള്‍. അലക്സാണ്ടര്‍ പുഷ്കിന്റെ കവിതകള്‍ മലയാളത്തിലേക്ക് അഷിത വിവര്‍ത്തനവും ചെയ്തിട്ടുണ്ട്.
Read more:ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായി ദീപിക; ‘ഛപാക്’ സിനിമയ്ക്ക് വേറിട്ടൊരു ആശംസ
നിരവധി പുരസ്കാരങ്ങളും ഈ കഥാകാരിയെ തേടിയെത്തിയിട്ടുണ്ട്. 2015 ലെ സംസ്ഥന സാഹിത്യ അക്കാദമി പുരസ്കാരം, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, പത്മരാജന് അവാര്‍ഡ് ഇങ്ങനെ നീളുന്നു പുരസ്കാര പട്ടിക.
കെവി രാമന്‍കുട്ടിയാണ് ഭര്‍ത്താവ്. മകള്‍ ഉമ. കാലായവനികയ്ക്ക് പിന്നില്‍ മറഞ്ഞെങ്കിലും കുറിച്ചിട്ട വാക്കുകളിലൂടെയും വരികളിലൂടെയും അഷിത ഇനിയും ഒളി മങ്ങാതെ നില്ക്കും. വായനക്കാരന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായി….