അഭിമാനമായി അഭിനന്ദന്‍ ഇന്ത്യയില്‍; വരവേറ്റ് രാജ്യം

March 1, 2019

ഇന്ത്യയുടെ ആവേശവും അഭിമാനവുമായ ധീര വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി. രാജ്യം നിറഞ്ഞ മനസോടും ആവേശത്തോടും അഭിനന്ദനെ വരവേറ്റു. രാജകീയമായിട്ടായിരുന്നു അഭിനന്ദന്റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ്. വൈകാരികമായ നിമിഷങ്ങള്‍ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്നു വിട്ടയയ്ക്കുമെന്ന് ഇന്നലെ നടത്തിയ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു.

അഭിനന്ദന്റെ മാതാപിതാക്കള്‍ അടക്കം വാഗാ അതിര്‍ത്തിയില്‍ വൈമാനികന്റെ തിരിച്ചുവരവ് കാത്തിരിക്കുകയായിരുന്നു. വലിയ സ്വീകരണമാണ് അതിര്‍ത്തിയില്‍ അഭിനന്ദന് വേണ്ടി ഒരുക്കിയത്. സൈനിക വിമാനത്തിലാണ് അഭിനന്ദനെ റാവല്‍പിണ്ടിയില്‍ നിന്നും ലാഹോറിലെത്തിച്ചത്. അവിടെനിന്നും റോഡ് മാര്‍ഗം വാഗാ അതിര്‍ത്തിയിലെത്തി. എയര്‍ വൈസ് മാര്‍ഷല്‍മാര്‍ വാഗ- അട്ടാരി ചെക്‌പോസ്റ്റില്‍ സ്വീകരിച്ചു. വ്യോമസേനയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും വാഗ അതിര്‍ത്തിയില്‍ എത്തിയിരുന്നു.

അഭിനന്ദനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്താന്റെ നടപടി. അതേസമയം ഇന്ത്യയുടെ കടുത്ത നിലപാടിനെത്തുടര്‍ന്നാണ് ഇത്രവേഗം വൈമാനികനെ വിട്ടുനല്‍കാന്‍ പാക്കിസ്താന്‍ തയ്യാറായതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.ലോകരാജ്യങ്ങളെയുപയോഗിച്ച് പാകിസ്ഥാന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചതാണ് ഇത്തരത്തിലൊരു നിലപാട് എടുക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്.

ചൈനയും സൗദി അറേബ്യയും സൈനിക നടപടിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും സംയമനം പാലിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതും പാകിസ്ഥാന്‍ വിങ്ങ് കമാന്‍!ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മോചനമെന്ന തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ കാരണമായെന്നാണ് വിലയിരുത്തുന്നത്.