രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശീലമാക്കാം ഈ ഭക്ഷണങ്ങള്‍

March 20, 2019

മാറിമാറിവരുന്ന ജീവിതശൈലികള്‍ ഇന്ന് പലവിധ രോഗങ്ങളിലേക്കും വഴി തെളിക്കുന്നു. ഇവയില്‍ ഒന്നാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം. പലരെയും ഇന്ന് അലട്ടുന്ന പ്രശ്നമാണ് വര്‍ധിച്ച രക്ത സമ്മര്‍ദ്ദം. ഇത് പലപ്പോഴും ഹൃദയാഘാതത്തിലേക്കും വഴി തെളിക്കുന്നു. പ്രായമായവരില്‍ മാത്രമല്ല ഇന്ന് ചെറുപ്പക്കാരെയും രക്ത സമ്മര്‍ദ്ദത്തിലുണ്ടാകുന്ന ഏറ്റ കുറച്ചില്‍ കാര്യമായി തന്നെ ബാധിക്കാറുണ്ട്. ടെന്‍ഷന്‍, അമിതഭാരം, ഉറക്കക്കുറവ് എന്നിങ്ങനെ പലവിധ കാരണങ്ങളാണ് രക്തസമ്മര്‍ദ്ദം വര്‍ധിയ്ക്കാന്‍ കാരണം.

എന്നാല്‍ ഒരു പരിധി വരെ ഭക്ഷണകാര്യത്തില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ കൊടുത്താല്‍ രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. ഭക്ഷണക്രമത്തിലും ഒരു ചിട്ട അത്യാവശ്യമാണെന്ന് ചുരുക്കം. കണ്ണില്‍ കാണുന്നതൊക്കെ തോന്നും പോലെ വലിച്ചു വാരി കഴിക്കുന്നത് അത്ര നല്ലതല്ല. അതുപോലെതന്നെ ഫാസ്റ്റ്ഫുഡുകളുടെ ഉപയോഗവും പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യകരം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.

കിവി ഫ്രൂട്ട്- രക്ത സമ്മര്‍ദ്ദത്തെ സാധാരണ ഗതിയിലാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കിവി ഫ്രൂട്ട്, മാര്‍ക്കറ്റുകളില്‍ ഇന്ന് ഈ ഫലം സുലഭമാണ്. ലൂട്ടീന്‍ എന്ന ആന്‍റി ഓക്സിഡന്‍റ്  ധാരാളമായി അടങ്ങിയിട്ടുണ്ട് ഈ ഫലത്തില്‍. ഇവ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ പൊട്ടാസ്യവും വിറ്റാമിനുകളും ധാരാളമുണ്ട് കിവി ഫ്രൂട്ടില്‍.

ഏത്തപ്പഴം- ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന ഒന്നാണ് ഏത്തപ്പഴം. പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട് ഏത്തപ്പഴത്തില്‍. ദിവസവും ഒരു ഏത്തപ്പഴം കഴിക്കുന്നത് രക്ത സമ്മര്‍ദ്ദത്തെ ശരിയായ തോതില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Read more:സന്തോഷിക്കാം ഉള്ളു തുറന്ന്, മനസ് നിറഞ്ഞ്…

ചീര- ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പച്ചക്കറിയാണ് ചീര. രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ചീര സഹായകമാണ്. അയണ്‍, മഗ്നീഷ്യം, വിറ്റമിനുകള്‍ എന്നിവയാല്‍ സന്പുഷ്ഠമായ ചീര ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നത് ഗുണകരമാണ്.

വെളുത്തുള്ളി- ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് വെളുത്തുള്ളിയുടെ സ്ഥാനം. ഉയര്‍ന്ന രക്ത  സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും വെളുത്തുള്ളി സഹായിക്കുന്നു. കറികളിലും മറ്റു ഭക്ഷണങ്ങളിലുമെല്ലാം വെളുത്തുള്ളി ചേര്‍ക്കുന്നത് രുചികരവും ഒപ്പം ആരോഗ്യകരവുമാണ്.

തക്കാളി- രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് തക്കാളി. തക്കാളി വെറുതെ കഴിക്കുന്നതും കറിയില്‍ ചേര്‍ത്ത് കഴിക്കുന്നതും ഗുണകരമാണ്. ആന്‍റി ഓക്സിഡന്‍റായ ലിക്കോപിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് തക്കാളിയില്‍. ഇവ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ  നിയന്ത്രിക്കാന്‍ സഹായിക്കുന്നു.