സന്തോഷിക്കാം ഉള്ളു തുറന്ന്, മനസ് നിറഞ്ഞ്…

March 20, 2019

മനസു തുറന്നൊന്ന് സന്തോഷിക്കാന്‍ കൊതിക്കാറുണ്ട് പലപ്പോഴും. സന്തോഷം, ഉള്ളിലെവിടെയോ അതിരുകളില്ലാതെ അലയടിക്കുന്ന സുന്ദരമായ ഒരു അനുഭൂതി. അതിനുമപ്പുറം ഒരു നിമിഷത്തേക്കെങ്കിലും വല്ലാത്തൊരു മനസുഖം. വാക്കുകള്‍ക്കൊണ്ട് നിര്‍വ്വചിക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ് സന്തോഷം. സന്തോഷം പലതരത്തിലാണ്. ഏറെ നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ടൊരാളെ കാണുമ്പോള്‍ ഉണ്ടാകുന്നത് ഒരു തരത്തിലുള്ള സന്തോഷം. കൊടിയ വേദനയെ അതിജീവിച്ച ശേഷം ജന്മം നല്‍കിയ കുഞ്ഞിനെ കാണുമ്പോള്‍ അമ്മയില്‍ ഉണ്ടാകുന്ന മറ്റൊരു സന്തോഷം.

ദീര്‍ഘനേരമായി ചൊറിച്ചില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഭാഗത്ത് ചൊറിയുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയാണ് സന്തോഷമെന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. ചിലപ്പോള്‍ തോന്നും ശരിയാണെന്ന്. ഒരു പക്ഷെ തിരിച്ചറിയാതെ പോകുന്ന ചില സന്തോഷങ്ങള്‍. ഇത്തരം സന്തോഷങ്ങള്‍ പോലും ആസ്വദിക്കാന്‍ സാധിച്ചാല്‍ ഒരു പരിധി വരെ ഉള്ളിലെവിടെയോ തളം കെട്ടിക്കിടക്കുന്ന ചില വിങ്ങലുകളെ മറികടക്കാന്‍ സാധിച്ചേക്കാം.

കാലം മാറുമ്പോള്‍ കോലവും മാറണമെന്നാണല്ലോ പറയാറ്. സന്തോഷത്തിന്‍റെ കാര്യത്തിലും ആകെ മൊത്തത്തില്‍ ഒരു കോല മാറ്റം സംഭിച്ചിട്ടുണ്ട് ഇക്കാലത്ത്. ചായ കപ്പുകളിലും  ടീ ഷര്‍ട്ടുകളിലെല്ലാം ‘അടിച്ചമര്‍ത്ത’പ്പെട്ടിരിക്കുകയാണ് ഇന്ന് സന്തോഷം അഥവാ ഹാപ്പിനെസ് എന്ന വാക്ക്. പ്രിയപ്പെട്ട ഈ ഒരു ആനന്ദത്തെ വെറുമൊരു സ്മൈയിലിയിലേ‍ക്ക് ഒതുക്കിതുടങ്ങിയിരിക്കുന്നു. സന്തോഷങ്ങള്‍ എന്നും ആസ്വദിക്കാനുള്ളതാണ്. ചെറിയ ചെറിയ സന്തോഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ അതിനെ പരമാവധി ആസ്വാദ്യകരമാക്കണം. ഒരു പക്ഷെ പിന്നീടൊരിക്കലും ഈ ഒരനുഭവം ജീവിതത്തില്‍ ലഭിച്ചെന്നു വരില്ല. സന്തോഷം പങ്കുവെയ്ക്കപ്പെടുമ്പോഴാണ് കൂടുതല്‍ ഭംഗിയുള്ളതാകുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവനവനിസത്തിന്‍റെ കൂടുപൊളിച്ച് കൂട്ടായ്മയുടെ വസന്തത്തിലേക്ക് ചിറകു വിരിക്കുമ്പോള്‍ സന്തോഷം പെയ്തിറങ്ങുന്നു.

ഇന്ന് മാര്‍ച്ച് ഇരുപത് ഇന്‍റര്‍നാഷ്ണല്‍ ഹാപ്പിനെസ് ഡേ. സന്തോഷത്തിന്‍റെ പ്രധാന്യത്തെക്കുറിച്ച്  ഓര്‍മ്മപ്പെടുത്തുന്ന ദിനം. സ്വയം സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷത്തിന്‍റെ ഭാഗമാക്കുകയും ചെയ്യുമ്പോഴാണ് സന്തോഷത്തിന്‍റെ ഭംഗിയേറുന്നത്. ഒരു പക്ഷെ ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ ആഗ്രഹം തന്നെ സന്തോഷകരമായ ഒരു ജീവിതമായിരിക്കും. പഠിക്കുന്നതും ജോലി നേടുന്നതും പണം സമ്പാദിക്കുന്നതുമെല്ലാം ഈ ഒരു സന്തോഷം കൈയെത്തിപ്പിടിക്കാന്‍ വേണ്ടിയാണ്. പക്ഷെ ജീവിത പ്രാരാപ്തങ്ങള്‍ക്കിയിലൂടെയുള്ള ഓട്ടപ്പാച്ചിലിനിടെയില്‍ പലപ്പോഴും സന്തോഷമെന്നത് കിട്ടാക്കനിയാണ് പലര്‍ക്കും.

ഈ ഇന്‍റര്‍നാഷ്ണല്‍ ഹാപ്പിനെസ് ഡേയില്‍ ഒന്ന് ഓര്‍ക്കാം വെറും സ്മൈലിവത്കരിക്കപ്പെട്ടു പോകാതിരിക്കട്ടെ നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍.