വര്‍ണ്ണാഭമായി ഹോളി ആഘോഷിച്ച് കൊച്ചി ക്രൗണ്‍ പ്ലാസ

March 22, 2019

കൊച്ചി ക്രൗണ്‍ പ്ലാസ വര്‍ണ്ണോത്സവത്തിന്‍റെ വിസ്മയ കാഴ്ചകള്‍ക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ഹോളി ആഘോഷം ഏറെ വര്‍ണ്ണാഭമായി തന്നെ അരങ്ങേറി. വെെകുന്നേരം നാല് മണിയോടെ ആരംഭിച്ച ഹോളി ആഘോഷം പത്ത് മണിയോടെയാണ് അവസാനിച്ചത്. ഡിജെ, റെയിന്‍ ഡാന്‍സ്, ഭക്ഷണം തുടങ്ങിയവയായിരുന്നു ക്രൗണ്‍ പ്ലാസയിലെ ഹോളി ആഘോഷത്തിന്‍റെ മുഖ്യ ആകര്‍ഷണങ്ങള്‍.

സാധാരണ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് നിറങ്ങളുടെ ഉത്സവമായ ഹോളി വര്‍ണ്ണാഭമായി ആഘോഷിക്കാറുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഹോളി ആഘോഷങ്ങളുടെ തനിമ ഒട്ടും ചോരാതെ തന്നെയാണ് ക്രൗണ്‍ പ്ലാസയിലും ആഘോഷിക്കപ്പെട്ടത്. ആഘോഷത്തിനെത്തിയവര്‍ നിറങ്ങള്‍ വാരി വിതറിയും സന്തോഷം പങ്കുവെച്ചുമെല്ലാം ക്രൗണ്‍ പ്ലാസയിലെ സന്ധ്യയെ മനോഹരമാക്കി.

ജാതി- മത- രാഷ്ട്രീയ ഭേദമന്യേയാണ് ഏവരും ഹോളി ആഘോഷിക്കാറുള്ളത്. പരസ്പരം നിറങ്ങള്‍ പുരട്ടുമ്പോള്‍ ശത്രുതകള്‍ ഇല്ലാതാകുന്നു എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഒരു കാലത്ത് കര്‍ഷകരായിരുന്നു ഹോളി ആഘോഷിച്ചിരുന്നത്. വസന്തകാലത്തിന്‍റെ വരവേല്‍പ് എന്ന രീതിയിലായിരുന്നു കര്‍ഷകരുടെ ഹോളി ആഘോഷം. സമൃദ്ധമായ വിളവ് ലഭിക്കുന്നതിനു വേണ്ടിയായിരുന്നു കര്‍ഷകര്‍ ഹോളി ആഘോഷിച്ചിരുന്നത്. ഇന്നും പലയിടങ്ങളിലും വസന്തോത്സവമാണ് ഹോളി.