ലോക്‌സഭ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് ഇങ്ങനെ അറിയാം

March 19, 2019

പുറത്തെങ്ങും കനത്ത ചൂടാണ്. ഒരു വശത്ത് സൂര്യന്‍ കത്തി ജ്വലിക്കുമ്പോള്‍ മറു വശത്ത് ഇലക്ഷന്‍ ചൂടും. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. നാടും നഗരവുമെല്ലാം ഇലക്ഷന്‍ ചൂടിലായിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും കേമം തന്നെ. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്ത് ലക്ഷം പോളിങ് സ്‌റ്റേഷനുകളിലായി 543 ലോക് സഭാ മണ്ഡലങ്ങളിലേയ്ക്ക് വോട്ടു ചെയ്യാനെത്തുന്നത് രാജ്യത്തെ 90 കോടി വോട്ടര്‍മരാണ്.

വോട്ട് ചെയ്യുക എന്നത് പതിനെട്ട് വയസ് പൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരന്റെയും അവകാശമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണമെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധം. വോട്ടര്‍ പട്ടികയില്‍ നമ്മുടെ പേരുണ്ടോ എന്ന് പരിശോധിക്കുവാനുള്ള സൗകര്യം നാഷ്ണല്‍ വോട്ടര്‍ സര്‍വ്വീസസ് പോര്‍ട്ടലില്‍ ലഭ്യമാണ്. തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ ഉണ്ടെങ്കില്‍ ഇത് പരിശോധിക്കാം. വോട്ടര്‍ പട്ടികയില്‍ നമ്മുടെ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാമെന്നത് ചുവടെ ചേര്‍ക്കുന്നു.

നാഷ്ണല്‍ വോട്ടര്‍ സര്‍വ്വീസസ് പോര്‍ട്ടലില്‍ (NVSP Service Portal) പ്രവേശിക്കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ഈ വെബ്‌സൈറ്റിന്റെ ഹോം പേജിലെ ഇടത്തു വശത്തുള്ള സെര്‍ച്ച് ബാറില്‍ തിരിച്ചറിയില്‍ കാര്‍ഡിലുള്ള നമ്പര്‍ നല്‍കണം. തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്ന ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും സംസ്ഥാനം തിരഞ്ഞെടുക്കണം. ഇതുനു ശേഷം സ്‌ക്രീനില്‍ തെളിയുന്ന കോഡ് ടൈപ്പ് ചെയ്യണം. തുടര്‍ന്ന് സെര്‍ച്ചില്‍ ക്ലിക്ക് ചെയ്യണം. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ അത് ഉടന്‍ തന്നെ സ്‌ക്രീനില്‍ തെളിയും.

Read more:‘ഊളയെ പ്രേമിച്ച പെണ്‍കുട്ടി’; കുമ്പളങ്ങി നൈറ്റ്സിലെ മനോഹരമായ ആ പ്രെപോസല്‍ രംഗം; വീഡിയോ

എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ അറിയില്ലെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന പരിശോധിക്കാനുള്ള സൗകര്യവും നാഷ്ണല്‍ വോട്ടര്‍ സര്‍വ്വീസസ് പോര്‍ട്ടലില്‍ ലഭ്യമാണ്. പേര്, ജനന തീയതി, സംസ്ഥാനം, ലോക്സഭ മണ്ഡലം എന്നിവ നല്‍കിയും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം