ഒരു മിനിറ്റുകൊണ്ട് ജയസൂര്യയുടെ 5 കഥാപാത്രങ്ങളെ ആവിഷ്‌കരിച്ച് ഒരാള്‍; ‘നമിച്ച്’ താരം

March 5, 2019

മികച്ച നടനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷത്തിലാണ് നടന്‍ ജയസൂര്യ. ‘ക്യാപ്റ്റന്‍’, ‘ഞാന്‍ മേരിക്കുട്ടി’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയെത്തേടി പുരസ്‌കാരമെത്തിയത്. ജയസൂര്യയ്‌ക്കൊപ്പം ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് സൗബിന്‍ സാഹിനറിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ് ജയസൂര്യയുടെ കഥാപാത്രങ്ങളുടെ രൂപസാദൃശ്യം അനുകരിക്കുന്ന ഒരു കലാകാരന്റെ വീഡിയോ.

ഒരു മിനിറ്റ് കൊണ്ട് ജയസൂര്യയുടെ അഞ്ച് കഥാപാത്രങ്ങളുടെ രൂപസാധ്യശ്യമാണ് ഡേവിഡ് കല്ലറക്കല്‍ എന്ന കലാകാരന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ജയസൂര്യ അടക്കം ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ‘നമിച്ചു മോനെ’ എന്ന ക്യാപ്ഷനോടുകൂടിയാണ് ജയസൂര്യ ഈ വീഡിയോ ഷെയര്‍ ചെയ്തത്. ഇതിനോടകം തന്നെ നിരവധി പേര്‍ ഡേവിഡ് കല്ലറക്കലിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഷാജിപാപ്പനെയും മേരികുട്ടിയെയുമെല്ലാം വളരെ പെര്‍ഫെക്ഷനോടുകൂടിതന്നെയാണ് ഈ കലാകാരന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും പണ്ടേയ്ക്കുപണ്ടേ ജയസൂര്യ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ‘ക്യാപ്റ്റന്‍’. പ്രജേഷ് സെന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. മലായളത്തിലെ ആദ്യ ബയോപിക് ചിത്രമായിരുന്നു ജയസൂര്യ നായകനായെത്തിയ ‘ക്യാപ്റ്റന്‍’. ഫുട്‌ബോള്‍നായകന്‍ വിപി സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രം ഏറെ പ്രശംസയും നേടിയിരുന്നു.

Read more:ഈ ഷമ്മിയും ഹീറോ തന്നെ; സംസ്ഥാന അവാര്‍ഡ് നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ഷമ്മി തിലകന്‍

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. ഈ ചിത്രത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലാണ് ജയസൂര്യ എത്തിയത്. ചിത്രത്തിനായുള്ള ജയസൂര്യയുടെ മേയ്ക്ക് ഓവറും ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ മേരിക്കുട്ടി എന്ന കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്കു വേണ്ടി ജയസൂര്യ ഏറെ കഷ്ടപ്പെട്ടിരുന്നു.