സംസ്ഥാനത്ത് കനത്ത ചൂട്; പലയിടങ്ങളിൽ കുടിവെള്ളവും കിട്ടാക്കനി

വേനൽ തുടങ്ങിയപ്പോഴേക്കും പലയിടങ്ങളിലും കുടിവെള്ള പ്രശ്നം രൂക്ഷമായി തുടങ്ങി. കനത്ത ചൂട് മൂലം പല ഇടങ്ങളിലും സൂര്യാഘാതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ളതിനേക്കാള്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് നിര്‍ദ്ദേശം. പല പ്രദേശങ്ങളിലും ആളുകൾക്ക് കുടിവെള്ളവും കിട്ടാക്കനിയായി തുടങ്ങി. സംസ്ഥാനത്തെ കുടിവെള്ള വിതരണത്തിലും കുറവ്.
കടുത്ത വരള്‍ച്ചയും കനത്ത ചൂടും കാരണം വീടിന്റെ പുറത്തുപോലും ഇറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കുടിവെള്ള പ്രശ്‌നവും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമാകുന്നത്. കൊല്ലം ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ള പ്രശ്നം വളരെ ഗുരുതരമാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒട്ടും വ്യത്യസ്ഥമല്ല കാര്യങ്ങൾ.
ആവശ്യത്തിന് വെള്ളം കിട്ടാതായതോടെ കാർഷിക മേഖലയിലെ സ്ഥിതിയും ആശങ്കയിലാണ്. കടലോരങ്ങളിലേയും പുഴയോരങ്ങളിലേയും ആളുകളാണ് കൂടുതലായും കുടിവെള്ളത്തിന് വലയുന്നത്. വാട്ടർ അതോറിയുടെ കുടിവെള്ള വിതരണം പലസ്ഥലങ്ങളിലും സ്തംഭിക്കുന്നതും ആളുകളിലെ ആശങ്ക വർധിപ്പിക്കുകയാണ്.
അതേസമയം കുടിവെള്ള ക്ഷാമം അകറ്റുന്നതിനുള്ള മുൻകരുതലുകളൊന്നും അധികൃതർ എടുത്തിട്ടില്ല എന്ന രീതിയിലുള്ള ആക്ഷേപങ്ങളും ഉയർന്നുവരുന്നുണ്ട്. പലയിടങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുകളിലെ ചോർച്ച മാറ്റുകയോ, ദ്രവിച്ച പൈപ്പുകൾ മാറ്റുകയോ ചെയ്തിട്ടില്ലെന്നും, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള നടപടികൾ പലയിടങ്ങളിലും മുടങ്ങിക്കിടക്കുകയാണെന്നും ഇത് പരിഹരിക്കുന്നതിനായി വാട്ടർ അതോറിറ്റിയും ജനപ്രതിനിധികളും ഒരു ശ്രമവും നടത്തിയിട്ടില്ലെന്നുമാണ് ആക്ഷേപങ്ങൾ ഉയരുന്നത്.
Read more: അവൻ അവതരിച്ചു, സിനിമ പ്രേമികൾക്കിടയിൽ ആവേശത്തിന്റെ ആർത്തിരമ്പൽ സൃഷ്ടിച്ചുകൊണ്ട് ലൂസിഫർ; റിവ്യൂ..
അതേസമയം സംസ്ഥാനത്ത് ചൂടു കൂടുന്നതിനാല്‍ സൂര്യഘാതത്തിനുള്ള സാധ്യതയുണ്ടെന്ന് സര്‍ക്കാരും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. രണ്ടുമാസത്തേക്കാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണിവരെ വെയിലത്തുള്ള ജോലിക്കും ലേബര്‍ കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കേണ്ട സമയമാണ് ചൂടുകാലം. ഇന്നലെ മാത്രമായി 45 പേര്‍ക്കാണ് സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ സൂര്യാതപമേറ്റത്. രണ്ട് പേര്‍ക്ക് സൂര്യാഘാതവുമേറ്റു. ചൂടുകാലത്ത് സൂര്യാതാപം മൂലം മരണം വരെ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിര്‍ജ്ജലീകരണവും ചൂടുകാലത്ത് പലരിലും അനുഭവപ്പെടാറുണ്ട്.