നിസ്കാര നിരയിലൂടെ ഭീകരാക്രമണത്തിന് ഇരയായവർക്ക് ആദരം; ലോകശ്രദ്ധ പിടിച്ചുപറ്റി ഒരു ചിത്രം
ലോകമനഃസാക്ഷിയെ ഞെട്ടിച്ച ന്യൂസിലാൻഡ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വ്യത്യസ്ത രീതിയിൽ ആദരം. സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിക്കുന്ന ഒരു ചിത്രം. നിസ്കാര നിര കൊണ്ട് ന്യൂസിലാൻഡ് എംബ്ലം വരച്ചാണ് കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ചിത്രത്തിലൂടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിചിരിക്കുന്നത്.
രാജ്യത്തിന്റെ ഒദ്യോഗിക ചിഹ്നമായ സിൽവർ ഫേണിന്റെ രൂപത്തിലാണ് ചിത്രം വരച്ചിരിക്കുന്നത്. ന്യൂസിലാൻഡിലെ ഭീകരാക്രമണത്തെ തുടർന്ന് ന്യൂസിലാൻഡില്‍ നടന്ന ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചരണാര്‍ഥം സിംഗപൂരിലെ കലാകാരനായ കെയ്ത് ലീയാണ് ചിത്രം തയാറാക്കിയത്. മാർച്ച് പതിനാറാം തിയതി അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവച്ചു. ‘ന്യൂസിലാൻഡിലെ കൊല്ലപ്പെട്ട നിരപരാധികള്‍ക്ക് വേണ്ടി, അനീതികൾക്കെതിരെ ഒന്നിക്കൂ ‘ എന്ന ആഹ്വാനത്തോടെയാണ് കെയ്ത് ലീ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ ന്യൂസീലാൻഡ് ക്രിക്കറ്റ് താരം കെയിന്‍ വില്ല്യംസിന്റെ ഒരു ഫാന്‍ പേജിലൂടെ ചിത്രം ഷെയർ ചെയ്യപ്പെട്ടതോടെയാണ് ചിത്രം വൈറലായത്.
മുസ്ലിം പള്ളിയിൽ എത്തിയ ഭീകരവാദിയെ വരൂ സഹോദരാ എന്നു പറഞ്ഞാണ് അവിടെയുണ്ടായിരുന്ന വിശ്വാസി ക്ഷണിച്ചത്. ആ വൃദ്ധനായ വിശ്വാസിയെ വെടിവെച്ചിട്ടുകൊണ്ടാണ് ആക്രമണം തുടങ്ങിയതെന്നും ചിത്രത്തിൽ പറയുന്നുണ്ട്.
Read also: ന്യൂസിലൻഡ് വെടിവെയ്പ്പ്; കാണാതായവരിലും പരിക്കേറ്റവരിലും ഇന്ത്യൻ വംശജരും
ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുപ്പതോളം പേരുടെ നില അതീവ ഗുരുതരമാണ്. ആക്രമണം നടത്തിയ ഭീകരവാദി സ്വന്തം തലയിൽ കെട്ടിവച്ച ക്യാമറയിൽ വെടിവെയ്പ്പിന്റെ ദൃശ്യങ്ങൾ പകർത്തി ഫെയ്സ്ബുക്കിലൂടെ തൽസമയം പുറത്തുവിട്ടിരുന്നു. ആസ്ട്രേലിയക്കാരനായ 28 വയസ്സുള്ള ബ്രന്റണ്‍ ടറാന്റാണ് സ്വന്തം അക്കൌണ്ടിലൂടെ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അതേസമയം വീഡിയോ ഫെയ്സ്ബുക്ക് ഉടന്‍ തന്നെ നീക്കം ചെയ്യുകയും ഈ അക്കൌണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.