വേദന എന്തെന്ന് അറിയാത്തൊരു മുത്തശ്ശി
തലവാചകം വായിക്കുമ്പോള്‍ ഏതെങ്കിലും മുത്തശ്ശിക്കഥയാണെന്ന് തോന്നിയേക്കാം. പക്ഷെ അതല്ല കാര്യം. സംഗതി സത്യമാണ്. വേദന എന്തെന്ന് അറിയാന്‍ പറ്റാത്തൊരു മുത്തശ്ശിയുണ്ട് ലോകത്ത്. ബ്രിട്ടനിലെ വൈറ്റ് ബ്രിഡ്ജിലെ ജോ കാമറൂണ്‍ എന്ന 62 കാരിക്ക് വേദനയെ തിരിച്ചറിയാന്‍ കഴിയില്ല. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നിയേക്കാം. ചെറിയൊരു വേദന വരുമ്പോഴേക്കും അതിനെ അതിജീവിക്കാന്‍ പെടാപാടു പെടുന്ന പലര്‍ക്കും ഇതൊരു ആശ്വാസ വാര്‍ത്തയായും തോന്നിയേക്കാം. എന്നാല്‍ ജോ കാമറൂണിന് സംഭവിച്ച ഒരു അപൂര്‍വ്വ ജനിതകമാറ്റമാണ് വേദനയെ അറിയാന്‍ സാധിക്കാത്ത ഈ അവസ്ഥയ്ക്ക് കാരണം.
ഓസ്റ്റിയോ ആര്‍ത്രൈറ്റീസ് എന്ന രോഗം ബാധിച്ച് ജോയുടെ ഇടുപ്പെല്ല് പൂര്‍ണ്ണമായും ദ്രവിച്ചു പോയിരുന്നു. ഇടുപ്പെല്ല് മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ അതീവ വേദനജനകമാണ്. എന്നാല്‍ ഈ ശസ്ത്രക്രിയയ്ക്കിടെ ജോ കാമറൂണിന് വേദന തെല്ലുപോലും അനുഭവപ്പെട്ടതേയില്ല. മാത്രമല്ല, ഒരു വേദന സംഹാരി പോലും ഇവര്‍ കഴിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ജോയുടെ ഈ അവസ്ഥയില്‍ സംശയം തോന്നിയപ്പോഴാണ് ഡോക്ടര്‍മാര്‍ പ്രത്യേക പരിശോധന നടത്തിയതും ജോയ്ക്ക് സംഭവിച്ച അപൂര്‍വ്വ ജനിതകമാറ്റം തിരിച്ചറിഞ്ഞതും.
ലോകത്തില്‍ കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന ജനിതകമാറ്റമാണ് ജോ കാമറൂണിന് സംഭവച്ചിരിക്കുന്നത്. പെട്ടെന്ന് കേള്‍ക്കുമ്പോള്‍ ജോ കാമറൂണിന്റെ അവസ്ഥ ഒരു അനുഗ്രഹമായാണ് പലര്‍ക്കും തോന്നാറുള്ളത്. പക്ഷെ വേദന അറിയാന്‍ സാധിക്കാത്ത അവസ്ഥയെ അത്ര നിസാരവത്കരിക്കാന്‍ ആവില്ല. ഈ അവസ്ഥ മൂലം പലവിധത്തിലുള്ള പ്രശ്നങ്ങളും ജോ കാമറൂണിനെ അലട്ടിയിട്ടുണ്ട്. ഒരിക്കല്‍ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടയില്‍ ജോയ്ക്ക് പെള്ളലേറ്റു. പക്ഷെ ശരീരത്തില്‍ തീ പിടിച്ച കാര്യം ജോ അറിഞ്ഞില്ല. ഒടുവില്‍ സ്വന്തം മാംസം കരിയുന്ന ഗന്ധം വന്നപ്പോഴാണ് പൊള്ളലേറ്റ കാര്യം ജോ അറിയുന്നത്.
Read more:“അച്ഛന് കാണുന്നുണ്ടെന്ന് എനിക്കറിയാം”; ‘ലൂസിഫര്‍’ അച്ഛന് സമര്‍പ്പിച്ച് പൃഥ്വിരാജ്
മറ്റു ചിലപ്പോള്‍ ശരീരത്തില്‍ എവിടെയെങ്കിലും മുറിവുണ്ടായാല്‍ രക്തം വരുന്നത് കാണുമ്പോള്‍ മാത്രമാണ് ജോ കാമറൂണ്‍ മുറിവുണ്ടായ കാര്യം അറിയുന്നത്. കുട്ടിക്കാലം മുതല്‍ക്കെ ജോ വേദന എന്തെന്ന് അറിഞ്ഞില്ല. പക്ഷെ കൗതുകകരമായ കാര്യം ഇതൊന്നുമല്ല, തനിക്ക് സംഭവിച്ച ജനിതകമാറ്റത്തെക്കുറിച്ച് ജോ കാമറൂണ്‍ അറിയുന്നത് തന്റെ 62-ാം വയസിലാണ്.