“സഞ്ജു സാംസണ്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍”: ഗൗതം ഗംഭീര്‍

March 30, 2019

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിടിലന്‍ സെഞ്ചുറികൊണ്ട് വിസ്മയം തീര്‍ത്ത സഞ്ജു വി സാംസണാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ താരം. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നതും. ഇപ്പോഴിതാ സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജുവെന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ലോക കപ്പില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ട താരമാണ് സഞ്ജുവെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഹൈദരബാദ് സണ്‍റൈസേഴ്‌സിനെതിരെ നടന്ന മത്സരത്തിലാണ് രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി സഞ്ജു വി സാംസണ്‍ സെഞ്ചുറി നേടിയത്. 55 പന്തുകളില്‍ നിന്നും 102 റണ്‍സ് അടിച്ചെടുത്തു സഞ്ജു. ഇതോടെ ഐപിഎല്ലിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ് സഞ്ജുവിന്റെ തലയിലെത്തി.

ഹൈദരബാദ് സണ്‍റൈസേഴ്‌സിലെ ബൗളിങ് താരം ഭുവനേശ്വര്‍ കുമാറിന്റെ ഒരു ഓവറില്‍ 24 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു കളിക്കളത്തില്‍ ബാറ്റുകൊണ്ട് ദൃശ്യ വിസ്മയമൊരുക്കി. 6, 4, 4, 2, 4, 4 എന്നിങ്ങനെയായിരുന്നു ഭുവിയ്‌ക്കെതിരെ ഒരു ഓവറില്‍ സഞ്ജു നേടിയ സ്‌കോര്‍.

സഞ്ജുവിന്റെ മികവില്‍ മികച്ച സ്‌കോര്‍ നേടാനും രാജസ്ഥാനു കഴിഞ്ഞു. 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് അടിച്ചെടുത്താണ് രാജസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. സഞ്ജുവിന്റെയും രഹാനെയുടെയും കൂട്ടുകെട്ടു തന്നെയാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ നല്‍കിയത്. 49 പന്തില്‍ 70 റണ്‍സാണ് രഹാനെ എടുത്തത്.

Read more:തീച്ചൂടില്‍ കേരളം; വയനാട് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

പക്ഷെ ഈ മികവ് സണ്‍റൈസേഴ്‌സിനെ തോല്‍പിക്കാന്‍ രാജസ്ഥാനെ തുണച്ചില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരബാദ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 എന്ന വിജയലക്ഷ്യം മറികടന്നു. രാജസ്ഥാന്‍ റോയല്‍സിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. എന്തായാലും ഇന്നലെ നടന്ന മത്സരത്തില്‍ താരമായത് സഞ്ജു വി സാംസണ്‍ തന്നെയാണ്.