മലയാള സിനിമയുടെ സൗകുമാര്യം സുകുമാരിയമ്മ ഓർമ്മയായിട്ട് ഇന്ന് ആറുവർഷങ്ങൾ

March 26, 2019

മലയാള സിനിമയുടെ സൗകുമാര്യം സുകുമാരി ഓർമ്മയായിട്ട് ഇന്ന് ആറുവർഷങ്ങൾ. സിനിമ ജീവിതത്തിലെ അറുപത് വർഷങ്ങൾ സുകുമാരിയമ്മയ്ക്ക് സമ്മാനിച്ചത് 2500 ലധികം സിനിമകൾ. നിരവധി ഭാഷകളിൽ നായികയായും, സഹനടിയായും അമ്മയായും മകളായുമൊക്കെ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ച അതുല്യ കലാപ്രതിഭ സുകുമാരിയമ്മ ഓർമ്മയായിട്ട് ഇന്ന് ആറുവർഷങ്ങൾ…

2013 മാർച്ച് 26 ആം തിയതി കഥകളും കഥാപാത്രങ്ങളെയും ബാക്കി നിർത്തി ഈ ‘അമ്മ മലയാള സിനിമയോട് വിടപറഞ്ഞു..കോമഡി പറഞ്ഞ് കാണികളെ പൊട്ടിച്ചിരിപ്പിച്ചും , വേദന പറഞ്ഞ് ആരാധകരുടെ കണ്ണുനിറച്ചും  ഈ ‘അമ്മ തനിക്ക് ലഭിച്ച ഓരോ കഥാപാത്രങ്ങൾക്കും അതിന്റെ പൂർണരൂപം നൽകിയിരുന്നു. സിനിമയിൽ മോശപ്പെട്ട കഥാപാത്രങ്ങൾ ഇല്ലായെന്നും, ഒരു നടിയെ സംബന്ധിച്ചിടത്തോളം തനിക്ക് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും പരമാവധി നന്നായി ചെയ്യണമെന്നും വിശ്വസിച്ചിരുന്ന താരമാണ് സുകുമാരിയമ്മ.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ലേറെ ചിത്രങ്ങളിൽ സുകുമാരിയമ്മ അഭിനയിച്ചു. അഭിനയത്തിനൊപ്പം നൃത്തവും സംഗീതവുമെല്ലാം കൈവശമുള്ള ഈ കലാകാരി നൃത്തവേദികളിലും തിളങ്ങിനിന്ന താരമാണ്. പത്താം വയസ്സില്‍, ‘ഒരു ഇരവ്’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മരണം വരെ സിനിമയിൽ നിറസാന്നിധ്യമായിരുന്നു. 2012 ലെ 3 ജി എന്ന ചിത്രമാണ് സുകുമാരിയമ്മയുടേതായി അവസാനമായി വെള്ളിത്തിരയിൽ എത്തിയ ചിത്രം.

ചലച്ചിത്രങ്ങൾ കൂടാതെ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്ന സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2013 മാർച്ച് 26 ന്, പൂജാമുറിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച സുകുമാരിയമ്മ എഴുപത്തി രണ്ടാമത്തെ വയസ്സിൽ ചെന്നൈയിലെ ആശുപത്രിയിൽ വെച്ച് സിനിമാ ലോകത്തോട് വിടപറഞ്ഞു.