ശ്രദ്ധിച്ചാല്‍ പേടിക്കേണ്ട വേനല്‍ക്കാല രോഗങ്ങളെ

March 6, 2019

പുറത്തിറങ്ങിയാല്‍ എങ്ങും കനത്ത ചൂടു തന്നെ. വരും ദിവസങ്ങളിലും കേരളത്തില്‍ ചൂടുകൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ചൂടുകാലമായതിനാല്‍ ആരോഗ്യകാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഒരല്പം ശ്രദ്ധ കൊടുത്താല്‍ വേനല്‍ക്കാല രോഗങ്ങളെ ഭയക്കാതെ നേരിടാം. ചൂടുകാലമായതിനാല്‍ ശരീരത്തിലെ ജലാംശം വേഗത്തില്‍ നഷ്ടപ്പെടും. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയെ പറയുന്ന പേര്. ദിവസവും ധാരളമായി വെള്ളം കുടിക്കുന്നത് ഒരു പരിധി വരെ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കാം ഈ വേനല്‍ക്കാല രോഗങ്ങളെ

ചിക്കന്‍പോക്‌സ്

പലരും ഭയത്തോടെ കാണുന്ന ഒരു രോഗാവസ്ഥയാണ് ചിക്കന്‍ പോക്‌സ്. സംസ്ഥാനത്ത് പലയിടങ്ങലിലും ചിക്കന്‍ പോക്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാരിസല്ല എന്ന വൈറസ് മൂലമാണ് ചിക്കന്‍പോക്‌സ് ഉണ്ടാകുന്നത്. വൈറസ് രോഗമായതിനാല്‍തന്നെ ഇത് പകരുവാനുള്ള സാധ്യതയും കൂടുതലാണ്. പനി, തലവേദന, ദേഹത്തു പ്രത്യക്ഷപ്പെടുന്ന വെള്ളം നിറഞ്ഞ കുമിളകള്‍ എന്നിവയാണ് ചിക്കന്‍ പോക്‌സിന്റെ പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം ലഭ്യമാക്കുന്നതാണ് നല്ലത്. ചിക്കന്‍പോക്‌സ് ബാധിച്ച ഒരു രോഗിയില്‍ നിന്നും 10-15 ദിസങ്ങള്‍ക്കു ശേഷമായിരിക്കും ഈ രോഗം രേഗിയുമായി ഇടപെഴുകിയ മറ്റൊരാളില്‍ പ്രത്യക്ഷപ്പെടുക. രോഗിയുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുന്നതാണ് ചിക്കന്‍പോക്‌സ് പകരാതിരിക്കാനുള്ള പ്രധാന മുന്‍കരുതല്‍.

ചെങ്കണ്ണ്

കണ്ണില്‍ അസുഖം, കണ്ണില്‍ചോപ്പ് എന്നീ പേരുകളിലും ചെങ്കണ്ണ് അറിയപ്പെടുന്നു. കണ്ണില്‍ ചുവപ്പു നിറം, കണ്ണില്‍ നീരൊലിപ്പ്, ചൊറിച്ചില്‍, കണ്‍പോളകള്‍ക്ക് വീക്കം, എന്നിവയാണ് ചെങ്കണ്ണിന്റെ പ്രധാന ലക്ഷണങ്ങള്‍. കണ്ണും കൈയും മുഖവും എപ്പോഴും കഴുകി വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഈ രോഗം പകരാതിരിക്കാനുള്ള പ്രധാന മുന്‍കരുതല്‍. ചെങ്കുണ്ണുള്ള രോഗിയുമായി ഇടപെഴുകിയ ശേഷം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം.

മഞ്ഞപ്പിത്തം, കോളറ

മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങളും വേനല്‍ക്കാലത്ത് വേഗത്തില്‍ പിടിപെടാറുണ്ട്. ചൂടുകാലത്ത് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. വഴിയോരങ്ങളില്‍ നിന്നും ലഭിക്കുന്ന ജ്യൂസുകലും പാനിയങ്ങളും പരമാവധി ഒഴിവാക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങളും പാനിയങ്ങളുമെല്ലാം കോളറ പോലുള്ള രോഗങ്ങളിലേക്ക് പെട്ടെന്ന് വഴിതെളിക്കും.