ചൂട് കനക്കുന്നു; ഒഴിവാക്കാം ചില ഭക്ഷണങ്ങള്‍

March 18, 2019

പുറത്തിറങ്ങിയാല്‍ എങ്ങും കനത്ത ചൂടാണ്.  സംസ്ഥാനത്തിന്‍റെ പല ഇടങ്ങളിലും സൂര്യാഘതത്തെക്കുറിച്ച് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂടു കൂടുന്നതിനാല്‍ ആരോഗ്യ കാര്യത്തിലും വേനല്‍ക്കാലത്ത് ഒരല്പം കൂടുതല്‍ കരുതല്‍ നല്‍കേണ്ടതുണ്ട്. ഭക്ഷണകാര്യത്തില്‍ ഒരല്പം ശ്രദ്ധ ചെലുത്തിയാല്‍ വേനലിലെ കൊടുംചൂടിലുണ്ടാകുന്ന ചില രോഗങ്ങളെയും അസ്വസ്ഥകളെയുമെല്ലാം നിഷ്പ്രയാസം മറികടക്കാം. വേനല്‍ കാലത്ത് ആരോഗ്യം സംരക്ഷിക്കുന്നതിനായി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.

ചൂടുകാലത്ത് ചായയുടെയും കാപ്പിയുടെയും ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. കാപ്പി, ചായ മുതലായ പാനിയങ്ങള്‍ ശരീരത്തിന്‍റെ താപനില ഉയര്‍ത്തും. ചൂടുകാലത്ത് ഇവ ശരീരത്തിന് അത്ര ഗുണകരമല്ല. നാരങ്ങാവെള്ളം, തിളപ്പിച്ചാറിയ വെള്ളം, ജ്യൂസുകള്‍, ഇളനീര്, സംഭാരം എന്നിവ വേനല്‍ക്കാലത്ത് ചായയ്ക്കും കാപ്പിയിക്കും പകരം ശീലമാക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.

അതുപോലെ തന്നെ ഡ്രൈഫ്രൂട്ട്സും ചൂടുകാലത്ത് കഴിക്കുന്നത് അത്ര നല്ലതല്ല. ഫ്രഷ് പഴങ്ങളാണ് വേനല്‍ കാലത്ത് കൂടുതലായി കഴിക്കേണ്ടത്. ചൂടു കാലത്ത് ഡ്രൈ ഫ്രൂട്ട്സും ശരീരത്തിലെ താപനിലയെ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ചൂടുകാലമായതിനാല്‍ രാത്രിയില്‍ ഹെവി ഫുഡ്സ് പരമാവധി ഒഴിവാക്കുന്നതാണ് ഗുണകരം. വേനല്‍ക്കാലത്ത് ഉറങ്ങുന്നതിനു മുന്പ് ഹെവി ഫുഡ്സ് കഴിച്ചാല്‍ സുഖകരമായ ഉറക്കത്തെ പോലും ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ട്.

Read more:കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വേനല്‍ക്കാലത്ത് ഉപേക്ഷിക്കുന്നതാണ് ആരോഗ്യകരം. ബര്‍ഗര്‍, ഫ്രൈഡ് ചിക്കന്‍, പീസ പോലുള്ള ഫാസ്റ്റ് ഫുഡ് ചൂടുകാലത്ത് പലവിധങ്ങളായ രോഗങ്ങളിലേക്കും വഴി തെളിക്കും. എരിവുള്ള ഭക്ഷണങ്ങളുടെ ഉപയോഗവും ഇക്കാലത്ത് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. ഇത്തരം ഭക്ഷണങ്ങള്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.

പഴ വര്‍ഗങ്ങളും പച്ചക്കറികളും വേനല്‍കാലത്ത് കൂടുതലായി കഴിക്കേണ്ടതുണ്ട്. ഒപ്പം തന്നെ വെള്ളവും ധാരാളമായി കുടിക്കണം. അന്തരീക്ഷ ഊഷ്മാവ് കൂടുതല്‍ ആയതിനാല്‍ ശരീരത്തിലെ ജലാംശം വേഗത്തില്‍ നഷ്ടപ്പെടും. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയെ പറയുന്ന പേര്. അതിനാല്‍ ദിവസവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്.