എന്താണ് വെസ്റ്റ് നൈല്‍ വൈറസ് ? അറിഞ്ഞിരിക്കാം ഈ പനിയെ…

March 18, 2019

കേരളത്തെ ആശങ്കയിലാഴ്ത്തി വീണ്ടും വെസ്റ്റ് നൈല്‍ പനി. നിപ്പ വൈറസ് കേരളത്തിൽ വരുത്തിയ ആശങ്കയിൽ നിന്നും ഭയത്തിൽ നിന്നും കേരളം കരകയറുന്നതിന് മുന്നേ തന്നെ കേരളത്തിൽ അടുത്ത രോഗവും സ്ഥിരീകരിച്ചു. വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന ആറു വയസുകാരൻ ബാലൻ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലായിരിക്കുന്ന മുഹമ്മദ് ഷാൻ ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. വൈറസ് ബാധ കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുകയാണ് അധികൃതർ.

എന്താണ് വെസ്റ്റ് നൈൽ.. 

കൊതുക് പരത്തുന്ന രോഗമാണ് വെസ്റ്റ് നൈൽ. വൈറസ് ബാധിച്ച ക്യൂലസ് കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. എന്നാൽ ഇത് മനുഷ്യരിൽ നിന്നും മനുഷ്യനിലേക്ക് പകരുകയില്ല. കൊതുകു കടിയിലൂടെയാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. അതിനാൽ കൊതുക് നശീകരണമാണ് ഈ അസുഖത്തെ മറികടക്കാനുള്ള പ്രതിരോധ മാർഗം. ഈ രോഗത്തിനെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മുന്‍കരുതല്‍ കൊതുക് നശീകരണം തന്നെയാണ്. കൊതുക് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ രോഗം വളരെ പെട്ടെന്ന് വ്യാപിക്കാന്‍ സാദ്ധ്യതയുണ്ട്. പക്ഷികളിൽ നിന്നാണ് കൊതുകുകളിലൂടെ വെസ്റ്റ് നൈല്‍ വൈറസ് വ്യാപിക്കുന്നത്.

Read more : കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ..അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

ഭയക്കേണ്ടതില്ല വെസ്റ്റ് നൈൽ വൈറസിനെ  

അതേസമയം സാധാരണയായി വെസ്റ്റ് നൈല്‍ വൈറസ് ബാധ അധികം അപകടകാരിയല്ല. ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് വെസ്റ്റ് നൈൽ വൈറസ് ബാധ. എന്നാൽ ഡയബറ്റിക് പേഷ്യൻസ് , കാന്‍സര്‍, രക്തസമ്മര്‍ദ്ദം, കിഡ്നി രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ വൈറസ് ബാധ അത്ര എളുപ്പത്തിൽ ചികിൽസിച്ച് മാറ്റാൻ സാധിക്കില്ല. മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങള്‍ ഉള്ളവരില്ലും രോഗം മൂര്‍ച്ഛിക്കാം. ഇത്തരക്കാരിൽ മരണം വരെ സംഭവിച്ചേക്കാമെന്നും അധികൃതർ അറിയിക്കുന്നുണ്ട്.

വെസ്റ്റ് നൈൽ ലക്ഷണങ്ങൾ 

സാധാരണ വൈറൽ പനിക്ക് ഉണ്ടാവുന്ന തരത്തിൽ കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പുകൾ, തുടങ്ങിയവയാണ് വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ.

വെസ്റ്റ് നൈൽ എന്ന പേര്

1937-ല്‍ കിഴക്കന്‍ ആഫ്രിക്കയിലെ വെസ്റ്റ് നൈല്‍ മേഖലയിലാണ് ഈ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് ഈ വൈറസിന് വെസ്റ്റ് നൈൽ എന്ന് പേര് വന്നതും.