lakshya

ആശംസകൾക്കും സ്റ്റാറ്റസുകൾക്കുമപ്പുറം സന്തോഷം പകർന്ന് ഒരു ‘സന്തോഷദിനം’

March 20, 2019

ആരാണ് ജീവിതത്തിൽ സന്തോഷമാഗ്രഹിക്കാത്തത്..? സന്തോഷകരമായ ജീവിതമാണ് മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ കാതലായ ലക്ഷ്യം. എല്ലാവരും സന്തോഷമാഗ്രഹിക്കുന്നു. ഉള്ളുതുറന്ന് ചിരിക്കാനും സന്തോഷിക്കാനും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം. ഈ ദിനത്തിൽ സന്തോഷത്തെക്കുറിച്ച് വാ തോരാതെ പറയുന്നതിനപ്പുറം ഓർമ്മപെടുത്താം സമൂഹത്തെ സന്തോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്…

സംഗീതം

മനോഹര സംഗീതത്തിൽ സ്വയം മറന്നിരിക്കാത്തവരായി ലോകത്ത് ആരുമില്ല. അത്രമേൽ ആർദ്രമാണ് സംഗീതം. സംഗീതത്തിന്റെ മാന്ത്രികതയിൽ മറ്റെല്ലാം മറന്ന് ലയിച്ചുചേരാനാകും. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ സംഗീതത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയുന്നത് എത്രയോ സത്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് ഒരു അമ്മയ്ക്ക് കുഞ്ഞു ജനിക്കുമ്പോൾ ആണെന്ന് പറയാറുണ്ട്. കുഞ്ഞിന്റെ ആദ്യ കരച്ചിലിൽ പോലും സംഗീതത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് പറയുന്നത്.

യാത്ര

ഏറ്റവും കൂടുതൽ ആളുകളെയും സന്തോഷകരമാക്കുന്നത് യാത്രകളാണ്. ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് പ്രിയപ്പെട്ടവരുമൊത്തുള്ള യാത്രകൾ പലപ്പോഴും ആനന്ദത്തിന്റെ നിർവൃതി തന്നെ സൃഷ്ടിക്കാറുണ്ട്. പ്രകൃതി മനോഹരമായ യാത്രകൾ ആരോഗ്യത്തിനും മനസിനും ഉന്മേഷവും സന്തോഷവും നൽകും.

വായന

ആനന്ദത്തിന്റെ പരമോന്നതിയിലേക്ക് പലരെയും പല ബുക്കുകളും എത്തിച്ചിട്ടുള്ളതായി നാം വായിച്ചുകേൾക്കാറുണ്ട്. വായന വളർത്തും, ഈ വളർച്ച ബുദ്ധിയിൽ മാത്രമല്ല. ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യാനും സന്തോഷത്തോടെ ജീവിതത്തെ സ്വീകരിക്കാനും വായന ശക്തിപകരുമെന്നാണ് വായന ശീലമാക്കിയ പലരുടെയും പക്ഷം.

സിനിമ, കല ആസ്വാദനം 

ഇന്ന് സാധാരണക്കാർ ആനന്ദം കണ്ടെത്താൻ തിരഞ്ഞെടുക്കുന്ന ഏറ്റവും സിമ്പിളായ മാർഗം സിനിമ ആസ്വാദനം തന്നെയാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. മികച്ച സിനിമകൾ ഇന്ന് ധരാളമായി ഇറങ്ങുന്നതോടെ  എല്ലാം മറന്ന് പൊട്ടിച്ചിരിക്കാൻ പലരും കണ്ടെത്തുന്ന ഇടമായി മാറിയിരിക്കുകയാണ് തിയേറ്ററുകൾ. എന്നാൽ തിയേറ്ററുകൾക്ക് അപ്പുറവും ഈ ചിരി മായാതെ നിന്നാൽ അവിടെയാണ് ഒരു സിനിമയുടെ വിജയമെന്ന് സംശയമില്ലാതെ പറയാം. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ കുറച്ച് സമയങ്ങൾ കണ്ടെത്താം സിനിമകൾക്കും കലകൾക്കുമായി.

വ്യായാമം 

ജീവിതം  സന്തോഷകരവും ആയാസകരവുമാക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിൽ ഒന്നാണ് വ്യായാമം. പലവിധത്തിലുള്ള കായിക വിനോദങ്ങളും ശീലമാക്കുന്നതോടെ കായികാരോഗ്യവും മാനിസികാരോഗ്യവും നില നിർത്താൻ ഇത് സഹായിക്കുന്നു.

Read also: ‘ആ കഥകളിൽ കേട്ടതൊന്നും സത്യമായിരുന്നില്ല’; ‘പോലീസ്’ അറിഞ്ഞതും അറിയേണ്ടതും

കേവലം ആശംസകൾക്കും സ്റ്റാറ്റസുകൾക്കുമപ്പുറം സമൂഹത്തില്‍ സന്തോഷത്തിന്റെ മുറവിളി ഉയരട്ടെ. കളിയും ചിരിയും നിറഞ്ഞ വികാരവായ്പുകള്‍ പങ്കുവെക്കുന്നതും ആരോഗ്യകരമായ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതും ആവട്ടെ ഈ സന്തോഷദിനം