‘ഒരു തുള്ളി കരുതൽ’;കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വില വരുന്ന കാലത്തേക്ക് ഇനി അധികം ദൂരമില്ല…

March 22, 2019

ഓരോ തുള്ളി ജലവും അമൂല്യമാണെന്ന് ഓർമ്മപെടുത്തികൊണ്ട് ഒരു ദിനം കൂടി..ഇന്ന് ലോക ജലദിനം… ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം…

കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വില വരുന്ന കാലത്തേക്ക് ഇനി അധികം ദൂരമില്ല.. അടുത്ത ലോക മഹായുദ്ധം നടക്കാൻ പോകുന്നത് വെള്ളത്തിന്റെ പേരിൽ ആയിരിക്കുമെന്ന് പറയുന്നത് നമ്മളെ ഓർമ്മിപ്പിക്കുന്നത് ഒരു വലിയ വിപത്തിനെക്കുറിച്ചാണ്.

ജലമലിനീകരണം, വരൾച്ച, വെള്ളപൊക്കം, ജലക്ഷാമം തുടങ്ങി പ്രകൃതി ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാർ നാം തന്നെയാണെന്ന് അല്പം പോലും സങ്കോചമില്ലാതെ പറയാം.. വർധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസരിച്ചുള്ള ജലം ഇന്ന് ഭൂമിയിൽ ലഭ്യമല്ല. ലോകത്ത് ഇപ്പോൾ തന്നെ 2.1 ബില്യൺ ജനങ്ങൾ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. കുടിവള്ള സ്രോതസുകൾ എല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിയ്ക്കുകയാണ്.

അടുത്തിടെ ചത്ത് കരയ്ക്കടിഞ്ഞ ഒരു തിമിംഗലത്തിന്റെ വയറ്റിൽ നിന്നും കിലോക്കണക്കിന് പ്ലാസ്റ്റിക് കണ്ടെടുത്തുവെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത് നാം നേരിടാൻ പോകുന്ന വലിയ  വിപത്തിനെക്കുറിച്ചാണ്. മാല്യന്യങ്ങൾ വലിച്ചെറിയുന്നത് ഇനിയും തുടർന്നാൽ അത് നമ്മെ ആക്രമിക്കാൻ അധികം താമസമുണ്ടാകില്ല.

അടുത്തിടെ കേരളത്തിൽ ഉണ്ടായ വൻ പ്രകൃതി ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും ഇന്നും കേരളം പൂർണമായും മുക്തി പ്രാപിച്ചിട്ടില്ല. എന്നാൽ ആ ദുരന്തത്തിന്റെ ഫലമായി കേരളക്കരയിൽ അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നത് പ്രകൃതി നമ്മെ തിരിച്ചടിക്കാൻ തുടങ്ങി എന്ന് തന്നെയാണ്. ദിനം പ്രതി മുറിച്ചുമാറ്റപെടുന്ന മരങ്ങളും, വെട്ടി നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാടുകളും, പുറന്തള്ളപ്പെടുന്ന ഈ മാലിന്യങ്ങളുമൊക്കെ പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിന്റെ ഉദാഹരങ്ങളാണ്.

Read also: ആശംസകൾക്കും സ്റ്റാറ്റസുകൾക്കുമപ്പുറം സന്തോഷം പകർന്ന് ഒരു ‘സന്തോഷദിനം’

ഈ ജലദിനത്തിൽ ഓർത്തെടുക്കാം ജലത്തിന്റെ മൂല്യങ്ങളെക്കുറിച്ച്…എന്നാൽ നമുക്ക് ചുറ്റുമുള്ള പ്രകൃതിയെ നശിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതും നാം തന്നെയാണ്. ഇങ്ങനെ പോയാൽ പുതിയ തലമുറയ്ക്കായി കരുതിവയ്ക്കാൻ നമുക്ക് മുന്നിൽ ഒന്നും ഉണ്ടാവില്ല…