‘സിംപിൾ ബട്ട് ക്ലാസ്സിക്’
കൈത്തറിയിൽ നിർമ്മിക്കുന്ന ഖാദി സാരികൾക്ക് നെഹ്റു കുടുംബത്തിന്റെ വാർഡ്രോബിൽ എന്താണ് കാര്യമെന്നല്ലേ…?? കാര്യമുണ്ട്…രാഷ്ട്രത്തിനും ജനസേവനത്തിനുമായി ഒരു കുടുംബം മുഴുവനായി മാറ്റിവച്ച നെഹ്റു കുടുംബത്തിന്റെ കഥ ഇന്ത്യയിൽ ജനിച്ചുവളർന്ന ഏതൊരു പൗരനും പുതുമയുള്ള കാര്യമല്ല. കൈത്തറിയിൽ തുന്നിയ വസ്ത്രങ്ങൾ ധരിച്ചെത്തുന്ന ഗാന്ധിയൻസിനെ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ സുലഭമായി കാണാറുണ്ടെങ്കിലും കൈത്തറി സാരിയിൽ തിളങ്ങി നിൽക്കുന്ന ഇന്ദിര ഗാന്ധിയുടെയും, സോണിയ ഗാന്ധിയുടെയും മകൾ പ്രിയങ്ക ഗാന്ധിയുടേയുമൊക്കെ ചിത്രങ്ങളോട് ഒരു പ്രത്യേക താത്പര്യമാണ് ഇന്ത്യക്കാർക്ക്.
ഇന്ദിരയുടെയും സോണിയയുടെയും രാഷ്ട്രീയത്തിലെ ഓരോ ചുവടും ഇന്ത്യൻ ജനതയ്ക്ക് വ്യക്തമായ രാഷ്ട്രീയം തുറന്നു പറയുമ്പോൾ രാഷ്ട്രീയത്തിനും സൗന്ദര്യത്തിനുമപ്പുറം സമൂഹ മാധ്യമങ്ങളിലൂടെ പലരും തുറന്നു പറയുന്ന അല്ലെങ്കിൽ തുറന്നെഴുതുന്ന ഒന്നാണ് നെഹ്റു കുടുംബത്തിലെ ഈ ഗാന്ധിയൻ സുന്ദരിമാരുടെ വസ്ത്രാധാരണത്തിലെ ലാളിത്യവും ഭംഗിയും. ഏറെ ശ്രദ്ധേയമായ സാരിയും അതിന്റെ ഭംഗിയും ചിലരെങ്കിലും ഇപ്പോഴും മാതൃകയാക്കുന്നതും നാം കാണാറുണ്ട്.
പലരുടെയും വസ്ത്രധാരണം ചില ക്യാരക്ടറുകൾ തുറന്നു കാണിക്കാറുണ്ടെന്ന് തോന്നിപ്പോകാറുണ്ടെങ്കിൽ അതിൽ വളരെയേറെ യാഥാർത്ഥ്യമുണ്ടെന്ന് തെല്ലും സംശയമില്ലാതെ തന്നെ നമുക്ക് പറയാം.
Read also: കാര്യത്തിൽ അല്പം കൗതുകം; തിരഞ്ഞെടുപ്പിലെ ചില സിനിമാക്കാഴ്ചകൾ..
ഗോതമ്പിന്റെ നിറവും നീണ്ട മൂക്കും, നുണക്കുഴിയും, ബോബ് ചെയ്ത ഹെയറുമൊക്കെയായി എത്തുന്ന പ്രിയങ്ക ഇന്ത്യൻ രാഷ്ട്രീയത്തിന് പരിചിതമായ മുഖമാണ്. ഇത്രമാത്രം സുന്ദരിയായ നമ്മുടെ ഈ നേതാവിനെ കൂടുതലായും സാരിയിലാണ് കാണാറുള്ളതെങ്കിലും ജീൻസും കുർത്തയും ധരിച്ചും ടീഷർട്ടിലുമൊക്കെ ഇവർ അതീവ സുന്ദരിതന്നെയാണ്. ബോളിവുഡിലെ പലതാരങ്ങളും മാതൃക സുന്ദരിയെന്ന് പോലും ഈ താരത്തെ വിശേഷിപ്പിക്കാറുണ്ട്.