ഒരു കയ്യിൽ കോഴിക്കുഞ്ഞ്, മറുകയ്യിൽ പത്ത് രൂപ; ഹൃദയം തൊട്ടൊരു കുഞ്ഞുബാലൻ…

April 4, 2019

‘പിള്ള മനസ്സിൽ കള്ളമില്ലല്ലോ..?; സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുകയാണ് ഒരു  കുഞ്ഞുബാലൻ. തന്റെ കൈയ്യബദ്ധം കൊണ്ട് അപകടം സംഭവിച്ച കോഴിക്കുഞ്ഞുമായി ആശുപത്രിയിൽ എത്തിയ ബാലനാണ് ഇപ്പോൾ  സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കയ്യിലുണ്ടായിരുന്ന പത്ത് രൂപയുമായി ആശുപത്രിയിൽ എത്തിയ കുട്ടിയുടെ ചിത്രവും കുറിപ്പും സമൂഹ മാധ്യമങ്ങളിൽ ആരോ പങ്കുവെച്ചിരുന്നു..

മിസോറാമിലുള്ള സായ്‌രംഗ് എന്ന ഗ്രാമത്തിലെ  കുട്ടിയാണ്  കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി ആശുപത്രിയിൽ എത്തിയത്. കുട്ടി സൈക്കിൾ ചവിട്ടുന്നതിനിടയിൽ അബദ്ധത്തിൽ ഒരു കോഴിക്കുഞ്ഞിന്‌ മുകളിലൂടെ സൈക്കിൾ കയറി. സങ്കടം സഹിക്കാനാവാതെ ഉടൻ തന്നെ തന്റെ കൈയിലുണ്ടായിരുന്ന പത്തു രൂപയുമെടുത്ത് കുട്ടി അടുത്തുള്ള  ആശുപത്രിയിയിലേക്ക് പാഞ്ഞു. ഹോസ്പിറ്റലിലെത്തി കോഴിക്കുഞ്ഞിനെ രക്ഷിക്കാൻ ആവശ്യപ്പെടുന്ന കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോൾ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നിഷ്കളങ്കതയും സങ്കടവും നിറഞ്ഞ മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം ഇതിനോടകം 50,000 ലധികം ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്.

Read also: പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ഫഹദും സായിയും; അതിരന്റെ ടീസർ കാണാം..

ബാല്യത്തിന്റെ നിഷ്കളങ്കത തുളുമ്പുന്ന ഈ ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഈ കുഞ്ഞുബാലന് തോന്നിയ നല്ല മനസ് മുതിർന്നവരിൽ പലർക്കും ഇല്ലാതെപോയല്ലോ എന്നാണ് പലരും പറയുന്നത്. ഈ കുട്ടിയെപ്പോലെ എല്ലാവരും ചിന്തിച്ചു തുടങ്ങിയിരുന്നുവെങ്കിൽ ഈ ലോകം എത്ര മനോഹരമായിരുന്നുവെന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്ക് മനുഷ്യ ജീവൻ പോലും അപകടത്തിൽ പെട്ടത് ശ്രദ്ധിക്കാതെ പോകുന്ന സമൂഹത്തിന് ഈ പിഞ്ചുബാലൻ നൽകുന്നത് വലിയൊരു പാഠമാണ് എന്നും, ഇവനെ കണ്ട് മുതിർന്നവർ പടിക്കട്ടെ എന്നു പറഞ്ഞും നിരവധി ആളുകൾ രംഗത്തെത്തി. അതേസമയം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കപ്പെട്ട ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.