ഇത് കഷ്‌ടപ്പാടിന്റെ വിജയം; സിവിൽ സർവീസിൽ മികച്ച വിജയം നേടി ശ്രീധന്യ

April 6, 2019

കേരളം ഏറെ അഭിമാനത്തോടെ പറയുന്ന പേരാണ് ‘ശ്രീധന്യ സുരേഷ് ‘. സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ശ്രീധന്യ വയനാട് പൊഴുതന  സ്വാദേശിയാണ്. കുറിച്യ ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി സിവിൽ സർവ്വീസ് കരസ്ഥമാക്കുന്ന വ്യക്തി കൂടിയാണ് ശ്രീധന്യ. സിവിൽ സർവീസിൽ 410 ആം റാങ്കാണ് ശ്രീധന്യ കരസ്ഥമാക്കിയത്.

ഏറെ കഷ്ടപ്പാടുകൾക്കിടയിൽ നിന്നും കഠിനാദ്ധ്യാനത്തിലൂടെ മികച്ച വിജയം കരസ്ഥമാക്കിയ ശ്രീധന്യ കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും മകളാണ്. ഇന്റർവ്യൂവിന് പോകാൻ പോലും പണം ഇല്ലാതിരുന്ന ശ്രീധന്യ സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങിയാണ് ഡൽഹിക്ക് വണ്ടി കയറിയത്. മകളുടെ പഠനത്തിനായി പത്രം വാങ്ങാൻ പോലും പണമില്ലാതിരുന്ന കുടുംബത്തിൽ നിന്നും ഉയർന്ന വിജയം കരസ്ഥമാക്കിയ ഈ മിടുക്കിക്കിപ്പോൾ അഭിനന്ദന പ്രവാഹമാണ്.

കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി ആളുകൾ ശ്രീധന്യയെ പ്രശംസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ശ്രീധന്യയുടെ ആത്മാർത്ഥ പ്രയത്നവും ആത്മസമർപ്പണവുമാണ് സ്വപ്നം സഫലമാക്കാൻ ശ്രീധന്യയെ സഹായിച്ചതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ശ്രീധന്യയുടെ മഹനീയ വിജയത്തിൽ ശ്രീധന്യയെയും അവരുടെ കുടുംബത്തെയും അഭിനന്ദിക്കുകയാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.


കനിഷ്ക് കടാരിയ ആണ് ഒന്നാം റാങ്ക് നേടിയത്. അക്ഷത് ജയിൻ, ജുനൈദ് അഹമ്മദ്, ശ്രേയംസ് കുമാത്, ശ്രുതി ജയന്ത് ന്ത് ദേശ്മുഖ് എന്നിവർ 2 മുതൽ 5 വരെ റാങ്കുകൾ കരസ്ഥമാക്കി. 29ാം റാങ്ക് നേടി ശ്രീലക്ഷ്മി റാം മലയാളത്തിന് അഭിമാനമായി.