ന്യൂനമർദ്ദം; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായർ തിങ്കൾ ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എന്നാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവർക്കും, മലയോര മേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് അധികൃതർ. മലയോര മേഖലയിൽ ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ ഉള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിക്കുന്നുണ്ട്. ബീച്ചുകളിലേക്കും മലയോര പ്രദേശങ്ങളിലേക്കുമുള്ള വിനോദ യാത്രകളും പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശങ്ങളുണ്ട്.
Read also: കടലാക്രമണം; തീരപ്രദേശത്ത് സൗജന്യ റേഷൻ പ്രഖ്യാപിച്ചു…
കനത്ത മഴയും കടലാക്രമണവും രൂക്ഷമായതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് നേരത്തെ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. കടലാക്രമണത്തെ തുടർന്ന് കടലിൽ പോകുന്നതിൽ നിന്നും മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരത്ത് തീരപ്രദേശത്ത് ചില ഇടങ്ങളിൽ കനത്ത മഴയും കാറ്റും ശക്തമായിരുന്നു. കടലാക്രമണത്തെ തുടർന്ന് നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതേതുടർന്ന് തീരപ്രദേശത്തെ ജനങ്ങൾക്ക് ഒരു മാസത്തേക്കുള്ള സൗജന്യ റേഷൻ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. എന്നാൽ തിരുവനന്തപുരം കടൽത്തീരത്ത് കടലാക്രമണം രൂക്ഷമാണ്.. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതുണ്ട്. ചിലയിടങ്ങളിൽ മഴ രൂക്ഷമാണ്. ഇന്ത്യൻ മഹാ സമുദ്രത്തിന്റെ ഭൂമദ്ധ്യ രേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂന മർദ്ദമാണ് കടൽ ക്ഷോഭത്തിന് കാരണമാകുന്നത്.