‘പേടിക്കേണ്ട, ഞാൻ പിടിച്ചുതിന്നുകയൊന്നുമില്ല’ അവതാരകയെ കൂളാക്കി മമ്മൂക്ക ; വീഡിയോ

April 12, 2019

ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ള താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. അഭിനയത്തിലെ മികവ് ഒന്നുകൊണ്ടുമാത്രമല്ല, ആരാധകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കൊണ്ടുകൂടിയാണ് മമ്മൂട്ടിയ്ക്ക് ഇത്രയേറെ ആരാധകർ. ഇപ്പോഴിതാ തന്നെ അഭിമുഖം ചെയ്യാനെത്തിയ പെൺകുട്ടിയുടെ പരിഭ്രമം മാറ്റികൊടുക്കുന്ന മമ്മൂക്കയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഏതൊരു അവതാരകയുടെയും, അവതാരകന്റെയും സ്വപ്നമാണ് സിനിമാ താരങ്ങളുമായുള്ള അഭിമുഖം.. എന്നാൽ ആദ്യ അഭിമുഖത്തിന് തന്നെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെപ്പോലൊരാളെ അഭിമുഖം ചെയ്യേണ്ടിവന്നാൽ ഏതൊരാളും അല്പമൊന്ന് പരിഭ്രമിക്കും. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മമ്മൂട്ടിയുടെയും അവതാരകയുടെയും ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Read also: കുമ്പളങ്ങിയിലെ മനോഹര രാത്രികൾക്ക് പിന്നിൽ..ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം..

കഴിഞ്ഞ ദിവസം മധുരരാജയുടെ അഭിമുഖത്തിനു എത്തിയപ്പോഴാണ് രസകരമായ സംഭവം അരങ്ങേറിയത്. മമ്മൂട്ടിയെ കണ്ടതും അവതാരക പരിഭ്രമത്തിലായി. ഇത് ശ്രദ്ധയില്‍പ്പെട്ട മമ്മൂട്ടി അവതാരകയുടെ അടുത്തിരുന്ന് വളരെ കൂളായി കൈയ്യില്‍ തട്ടി സംസാരിച്ച് ശേഷമാണ് അഭിമുഖം തുടങ്ങിയത്. അവതാരകയോട് വിശേഷങ്ങള്‍ ചോദിച്ചതിനു ശേഷം ‘പേടിക്കണ്ട, ചോദിച്ചോ.. ഞാന്‍ പിടിച്ചു തിന്നുകയൊന്നുമില്ല’ എന്നു മമ്മൂട്ടി പറയുന്നത് വീഡിയോയില്‍ കാണാം. മമ്മൂട്ടി അവതാരകയെ വിശദമായി പരിചയപ്പെടുകയും ആശംസകള്‍ നേര്‍ന്നുമാണ് അഭിമുഖം അവസാനിപ്പിച്ചത്.

ഇതോടെ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധേയമാകുകയാണ് മമ്മൂട്ടി എന്ന അത്ഭുത നടന്റെ നന്മ നിറഞ്ഞ മനസ്. താരത്തിന്റെ വലിയ മനസിന് ആശംസകളും അഭിനന്ദനവുമായി ഇതോടെ നിരവധി ആരാധകരും രംഗത്തെത്തി.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജാ. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. ആക്ഷൻ രംഗങ്ങളും മമ്മൂട്ടിയുടെ കിടിലൻ ഡയലോഗുകളുമായി എത്തിയ ചിത്രത്തിന്റെ ടീസറിനും ട്രൈലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.