ഇന്ന് പെസഹാ വ്യാഴം; തിരുവത്താഴ സ്മരണയിൽ ക്രൈസ്തവസഭ

April 18, 2019

ലോകം മുഴുവനുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാവ്യാഴം ആചരിക്കുന്നു. യേശു ക്രിസ്തുവിന്റെ അന്ത്യ അത്താ‍ഴത്തിന്റെ ഓര്‍മ്മ പുതുക്കലാണ് പെസഹ. വലിയ നോമ്പിന്റെ പ്രധാന ദിവസങ്ങളിൽ ഒന്നുകൂടിയാണ് പെസഹാ. അന്ത്യ അത്താ‍ഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ ക‍ഴുകി ചുംബിച്ചതിന്റെ ഓര്‍മപുതുക്കി എല്ലാ പള്ളികളിലും കാല്‍ക‍ഴുകല്‍ ശുശ്രൂഷയും നടന്നു. കുടുംബങ്ങളിൽ വൈകുന്നേരം പെസഹ അപ്പം മുറിക്കും. പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിക്കുന്നതിനായി ക്രൈസ്തവ വിശ്വാസികളും ദേവാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാ‍ണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈ ദിവസം ഓരോ ഇടവകയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.  അതിന് ശേഷം വിശുദ്ധ കുര്‍ബാന വളരെ വിപുലമായി നടത്തും. ക്രിസ്തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.

അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് “പെസഹ പാലിൽ” മുക്കി ഏറ്റവും പ്രായം കൂടി വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യത്താഴം ഒരുങ്ങിയത് പെസഹ വ്യാഴത്തിനാണ്.

ഇന്ന് ദേവാലയങ്ങളിൽ നടക്കുന്ന കുർബാനയോടെ ഈസ്റ്റർ ആചാരണത്തിനുള്ള തുടക്കമാകും. ഞായറാഴ്ച യേശുവിന്റെ ഉയർത്തെഴുന്നേൽപും സ്വർഗാരോഹണവും ആചരിക്കുന്നതോടെ വിശുദ്ധ വാരാചരണം അവസാനിക്കും. യേശുവിന്റെ ക്രൂശു മരണത്തെ അനുസ്‌മരിപ്പിക്കുന്ന ദുഖവെള്ളിയാണ് നാളെ.