കനത്ത ചൂടിൽ ആശ്വാസം പകർന്ന് വേനൽമഴ; മിന്നലിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

April 18, 2019

സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസം പകർന്നുകൊണ്ട് ഇന്നലെ മിക്ക ഇടങ്ങളിലും വേനൽ മഴ ലഭിച്ചു. വർധിച്ചുവരുന്ന ചൂടിൽ ഇത് താത്കാലിക ആശ്വാസം പകർന്നെങ്കിലും ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രംഗത്തെത്തിയിരിക്കുകയാണ്. വേനല്‍ മഴയുടെ ഭാഗമായി ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെ അടുത്ത അഞ്ച് ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

ഈ സമയങ്ങളില്‍ ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും തുറസ്സായ സ്ഥലത്തുനിന്ന് കളിക്കുന്നതില്‍ നിന്നും കുട്ടികളെ  തടയണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇടിമിന്നലുള്ളപ്പോൾ പുറത്തിറങ്ങങ്ങുന്നത് പരമാവധി ഒഴിവാക്കണം. കുട്ടികളുടെ പട്ടം പറത്തൽ പോലുള്ള വിനോദങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന്‍ അനക്സ് (15) എന്നിവരാണ് മരിച്ചത്. കേരളത്തെ ഞെട്ടിച്ച ഈ ദുരന്തത്തിന് ശേഷമാണ് മുന്നറിയിപ്പുമായി അധികൃതർ എത്തിയത്.

Read also:  തിരഞ്ഞെടുപ്പിലെ ചില സിനിമാക്കാഴ്ചകൾ..
അതേസമയം കനത്ത ചൂടിനിടെ ലഭിച്ച മഴ ആശ്വാസം പകർന്ന സന്തോഷത്തിലാണ് പലരും. തൃശൂരിൽ മഴ പെയ്തപ്പോൾ ഇടിവെട്ടും കാറ്റുമായി എറണാകുളത്തു മഴ തകർത്തു. വരുന്ന ദിവസങ്ങിൽ മഴ പെയ്യുമെന്ന മുന്നറിയിപ്പ് വേനലിനു താത്കാലിക ശമനം വരുത്തുമെന്ന ആശ്വാസത്തിലാണ് ജനങ്ങൾ. അതേസമയം ശക്തമായ മഴയിൽ സംസ്ഥാനത്തു പലയിടത്തും നേരിയ നാശം വിതച്ചിട്ടുണ്ട്. പ്രളയത്തിനു ശേഷം എത്തിയ വേനലിൽ മുൻപില്ലാത്ത വിധത്തിലുള്ള ചൂടാണ് അനുഭവപെട്ടിരുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കുന്നതോടെ കേരളത്തെ ബുദ്ധിമുട്ടിച്ചിരുന്ന തീപിടുത്തം, സൂര്യതാപം തുടങ്ങിയവയിൽ നിന്നും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളക്കര.