മഴനൂല് പോലെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി ഒരു മഴപ്പാട്ട്; വീഡിയോ

April 29, 2019

ചില പാട്ടുകള്‍ കാലാന്തരങ്ങള്‍ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില്‍ തളംകെട്ടി കിടക്കും. ഇത്തരത്തില്‍ ഒട്ടനവധി ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിണ്ട് പി. ജയചന്ദ്രന്‍ എന്ന ഗായകന്‍. ഹൃദയത്തില്‍ നിന്നും അത്ര പെട്ടെന്ന് പറിച്ചെറിയാന്‍ പറ്റുന്നതല്ല ജയചന്ദ്രന്‍ പാടിയ പാട്ടുകള്‍. അത്രമേല്‍ ഭാവാര്‍ദ്രമാണ് അദ്ദേഹത്തിന്റെ ആലാപനം. അതുകൊണ്ടുതന്നെയാണല്ലോ മലയാളത്തിന്റെ ഭാവ ഗായകന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ പാട്ടു പ്രേമികള്‍ക്കിടയി്ല്‍ ശ്രദ്ധേയമാവുകയാണ് ഒരു മഴപ്പാട്ട്.

മഴകളെക്കുറിച്ചുള്ള പാട്ടുകള്‍ പലപ്പോഴും ആസ്വാദകന്റെ ഹൃദയത്തിലേക്കാണ് പെയ്തിറങ്ങുന്നത്. പറയാതെ പെയ്യുന്ന മഴയില്‍ ചിലപ്പോഴൊക്കെ  മുളച്ചുപൊന്താറുണ്ട് എന്നോ അടക്കം ചെയ്ത ചില നനുത്ത ഓര്‍മ്മകള്‍. മഴ അത്രമേല്‍ പ്രിയങ്കരമാണ് പലര്‍ക്കും. മഴപ്പാട്ടുകളും. പി ജയചന്ദ്രനൊപ്പം അപര്‍ണ രാജീവിന്റെയും ആലാപന മാധുര്യം ഈ മഴപ്പാട്ടിനെ ശ്രദ്ധേയമാക്കുന്നു. അസ്വാദകന്റെ ഹൃദയത്തിലേക്ക് മനോഹരമായ ഒരു മഴനൂലു പോലെ പെയ്തിറങ്ങുന്നുണ്ട് ഈ ഗാനം.

Read more:പ്രണയാര്‍ദ്രമായി ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ ഗാനം; വീഡിയോ

‘എന്തോ മൊഴിഞ്ഞിടാന്‍ വന്നതാണീ മഴ
പിന്നെയുമെന്റെ മുന്നില്‍
പണ്ടേ പിരിഞ്ഞു വേറിട്ടതാണി മഴ
തോര്‍ന്നതില്ലെന്റെ കണ്ണില്‍
എന്തോ…എന്തോ…

വരികളിലും വല്ലാത്തൊരു മഴഭാവം നിഴലിക്കുന്നുണ്ട്. മുരളിയുടെതാണ് ഗാനത്തിലെ വരികള്‍. സജിത് സംഗീതം പകര്‍ന്നിരിക്കുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. എന്തോ പറയാന്‍ മടങ്ങിയെത്തുന്ന മഴയെക്കുറിച്ചുള്ളതാണ് ഈ ഗാനം. മഴയുടെ ഓര്‍മ്മകള്‍ ഗാന രംഗത്തില്‍ ഉടനീളം പ്രതിഫലിക്കുന്നുണ്ട്. ഗാനരംഗത്തിന്‍റെ ദൃശ്യാവിഷ്കാരത്തിലും മഴ തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്.

ചിലരെയെങ്കിലും മഴയോര്‍മ്മകളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നുണ്ട് ഈ മഴപ്പാട്ട്. അതേസമയം പി ജയചന്ദ്രന്‍റെയും അമൃത രാജീവിന്‍റെയും ആലാപനം ഏറെ മികച്ചതാണെന്നും പലരും അഭിപ്രായപ്പെടുന്നു. വിങ്ങലും തേങ്ങലും പ്രതീക്ഷയുമൊക്കെ വളരെ മനോഹരമായി തന്നെ ഈ മഴപ്പാട്ടില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്നു.