പുതിയ ഫീച്ചറുകൾ പരിചയപ്പെടുത്തി വാട്സ്ആപ്പ്

April 4, 2019

പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്… ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് അപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ പുതിയ ഫീച്ചറുകൾ പരിചയപ്പെടുത്തുകയാണ് വാട്സ്ആപ്പ്. പലപ്പോഴും വാട്സ്ആപ്പുകളിൽ വരാറുള്ള വോയ്‌സ് മെസേജുകൾ വന്ന ക്രമത്തിൽ വായിച്ച് എടുക്കാൻ വളരെ ബുദ്ധിമുട്ടാറുണ്ട്. ഇതിന് പരിഹാരമായാണ് വാട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

വോയിസ് മെസേജുകൾ വന്ന ക്രമത്തിൽ ഓട്ടോമാറ്റിക് ആയി പ്ലേ ചെയ്യാനുള്ള സൗകര്യമാണ് പുതിയതായി വാട്സ്ആപ്പിൽ അവതരിപ്പിക്കുന്നത്. പുതിയ ഫീച്ചർ പരീക്ഷണങ്ങൾക്കായി ബീറ്റാ വേർഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ ഒന്നിലധികം വോയ്‌സ് മെസേജുകൾ വരുമ്പോൾ ആദ്യംവന്നത് ഏതെന്ന് കണ്ടെത്തി പ്ലേ ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് മാറിക്കിട്ടും.

വോയ്‌സ് മെസേജ് ഓട്ടോമാറ്റിക് ആയി ക്രമത്തിൽ പ്ലേ ചെയ്യുന്നതിനൊപ്പം പി ഐ പി അഥവാ പിക്ച്ചർ ഇൻ പിക്ച്ചർ മോഡിന്റെ പരിഷ്കരിച്ച പതിപ്പും പുറത്തിറക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. നിലവിലുള്ള പി ഐ പി പ്രകാരം വീഡിയോ ക്ലോസ് ചെയ്യാതെ ചാറ്റിലേക്ക് തിരിച്ചുപോകാൻ സാധിക്കില്ല. ഈ പോരായ്മ ഇല്ലാതാക്കികൊണ്ടുള്ള പി ഐ പി വേർഷനായിരിക്കും നിലവിൽ വരുക.

അതേസമയം വാട്സാപ്പിൽ ഡാര്‍ക് മോഡ്, ഫിംഗര്‍പ്രിന്റ് ലോക്ക് എന്നിവയും  പുതിയതായി അവതരിപ്പിക്കാൻ ഒരുങ്ങിയ ഫീച്ചറുകളാണ്. രാത്രി സമയങ്ങളിലെ ചാറ്റിങിനെ സഹയാക്കുന്നതാണ് ഡാര്‍ക് മോഡ്. ചാറ്റുകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുവേണ്ടിയുള്ളതാണ് ഫിംഗര്‍പ്രിന്റ് ലോക്ക്. ഇവയും ഉടൻ നിലവിൽ വരുമെന്നും വാ​​​​​ബീ​​​​​റ്റ ഇ​​​​​ൻ​​​​​ഫോ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെയ്യുന്നുണ്ട്.

Read also: ഒരു കയ്യിൽ കോഴിക്കുഞ്ഞ്, മറുകയ്യിൽ പത്ത് രൂപ; ഹൃദയം തൊട്ടൊരു കുഞ്ഞുബാലൻ…

ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുത്തന്‍ പരിഷ്‌കരണങ്ങള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതില്‍ ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകളും ഉപഭോക്താക്കൾക്ക് കൂടുതൽ സഹായകരമാകും.