വീല്‍ചെയറിലിരുന്ന് സ്വപ്നങ്ങളിലേക്ക് ഒരു കിടിലന്‍ ഷൂട്ട്; വീഡിയോ
വീല്‍ചെയറിലിരുന്ന് സ്വപ്നങ്ങളിലേക്ക് ഒരു കിടിലന്‍ ഷൂട്ട്
ചിലരുടെ അനുഭവ കഥകള്‍ പലപ്പോഴും കണ്ണു നിറയ്ക്കാറുണ്ട്. പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍. ഇത്തരം കണ്ണീരനുഭവങ്ങളില്‍ നിന്നും സ്വപ്നങ്ങളിലേക്ക് പറന്നുയരുന്നവരുടെ ഉയിര്പ്പുഗീതങ്ങളും നിരവധിയാണ്. ഇത്തരം ഒരു ഉയര്ത്തെഴുന്നേല്പിന്റെ കഥ പറയാനുണ്ട് ഇന്ഷാ എന്ന പെണ്‍കുട്ടിക്കും. ജമ്മു കാശ്മീരില്‍ നിന്നുള്ള ആദ്യ വനിതാ വീല്‍ചെയര്‍ ബൗണ്ട് ബാസ്കറ്റ് ബോള്‍ പ്ലെയറാണ് ഇന്ഷാ ബഷീര്‍. സ്വപ്നങ്ങളിലേക്കുള്ളതാണ് ലക്ഷ്യതെറ്റാതെയുള്ള ഇന്‍ഷായുടെ ഓരോ ഷൂട്ടും.
തന്റെ പതിനഞ്ചാമത്തെ വയസിലാണ് ഇന്‍ഷായുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് ആ മഹാ ദുരന്തം അരങ്ങേറിയത്. പണി നടന്നുകൊണ്ടിരിക്കുന്ന തന്റെ വീടിന്റെ മൂന്നാം നിലയില്‍ നിന്നും അവള് കാലിടറി താഴെവീണു. സ്പൈനല്‍ കോഡിന് ഗുരുതരമായ ക്ഷതമേറ്റു. ജീവിതത്തില്‍ ഇനിയൊരിക്കലും എഴുന്നേറ്റ് നടക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇന്നും അവളുടെ ജീവിതം വീല്‍ ചെയറില്‍ തന്നെ.
എന്നാല്‍ തനിക്ക് സംഭവിച്ച ദുര്‍വിധിയുടെ മുന്നില്‍ കീഴടങ്ങാന്‍ ഇന്ഷാ തയാറായിരുന്നില്ല. അവള് പോരാടി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനം കൂടിയായപ്പോള്‍ ഇന്‍ഷായ്ക്ക് ധൈര്യമായി. ബിഎയും ബിഎഡ്ഡും അവള് പൂര്‍ത്തിയാക്കി. എന്നാല്‍ വിധി വീണ്ടും മറ്റൊരു രൂപത്തില്‍ അവളെ കീഴ്പ്പെടുത്താനെത്തി. തനിക്ക് സകല പിന്തുണയും നല്കി ഒപ്പം നിന്ന അച്ഛന് പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്ന് ഇന്ഷാ തിരിച്ചറിഞ്ഞു. വീടിന്റെ ഉത്തരവാദിത്വവും അതോടെ ഈ പെണ്‍കുട്ടിയുടെ ചുമലില്‍.തനിക്ക് എങ്ങനെയെങ്കിലും സ്വന്തം അവസ്ഥ മെച്ചപ്പെടുത്തണമെന്ന് ഇന്‍ഷായ്ക്ക് തോന്നി. അവള് ഷഫ്ഖത്ത് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിന്നും ഫിസിയോ തെറാപ്പി ചെയ്തുതുടങ്ങി. ജീവിതത്തില്‍ വഴിത്തിരുവുണ്ടായതും ഇതേ റീഹാബിലിറ്റേഷന്‍ സെന്ററില്‍ വെച്ചുതന്നെ. വീല്‍ചെയറിലിരുന്നു ബാസ്കറ്റ്ബോള്‍ കളിക്കുന്ന പുരുഷന്മാരെ കണ്ടു ഇന്ഷാ ആ സെന്ററില്‍. വിധിയെ ചെറുത്ത് തോല്പിക്കുന്ന അവരുടെ ആത്മവിശ്വാസവും ധൈര്യവുമെല്ലാം ഇന്‍ഷായ്ക്ക് വലിയ പ്രചോദനമായി. തുടര്‍ന്ന് അവളും ബാസ്കറ്റ്ബോള്‍ പരിശീലിക്കാന്‍ തുടങ്ങി. ലക്ഷ്യംതെറ്റാതെയുള്ള ഓരോ ഷൂട്ടിലും അവളില്‍ പോസ്റ്റീവ് എനര്‍ജി നിറഞ്ഞു.
പിന്നീട് ഹൈദരാബാദില്‍ ചെന്നു. നാഷ്ണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. തുടര്‍ന്ന് ദില്ലിയിലേക്ക്. ഇപ്പോള്‍ പഠിക്കാനും പരിശീലിപ്പിക്കാനുമെല്ലാം ഇന്ഷാ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ സഞ്ചരിക്കാറുണ്ട്. ജമ്മു കാശ്മീരില്‍ ഒരു വനിതാ ബാസ്കറ്റ്ബോള്‍ ടീമുണ്ടാക്കാനും ഇന്ഷാ ആലോചിക്കുന്നുണ്ട്. ജീവിതത്തിലെ ചെറിയ വെല്ലുവിളികളില്‍ പോലും കാലിടറി വീഴുന്നവരാണ് പലരും. എന്നാല്‍ ഇത്തരക്കാര്‍ക്കെല്ലാം ഒരു ഫിനിക്സ് പക്ഷിയേ പോലെ ഉയര്‍ന്നു പറക്കാന്‍ പ്രചോദനമാവുകയാണ് ഇന്‍ഷായുടെ ജീവിതം.