പരിഭവം മറന്ന് പുഞ്ചിരിയുമായി സിതാര; മനോഹരം ഈ ഗാനം

പാട്ടുകളെ പ്രണയിക്കാത്തവര്‍ വിരളമാണ്. പല പാട്ടുകളും നനുത്ത ഒരു മഴ പോലെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു. അതുകൊണ്ടാക്കെയാണല്ലോ വികാരങ്ങളുടെ തീവ്രതയ്ക്കും പലരും പാട്ടുകളെ കൂട്ടുപിടിക്കുന്നതും. ആരും ഇഷ്ടപ്പെട്ടു പോകുന്ന മനോഹരമായൊരു ഗാനമാണ് ഇപ്പോള്‍ പാട്ടാസ്വാദകര്ക്കിടയില് ശ്രദ്ധേയമാകുന്നു.
മലയാളികളുടെ പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍ ആലപിച്ച പരിഭവം മറന്നു…. എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആസ്വാദകരുടെ കൈയടി.
‘പരിഭവം മറന്നു വന്നു പുഞ്ചിരിച്ചു നീ
പരിസരം മറന്നുവെന്നെ ചുംബിച്ചു നീ
മേഘധവളിമയെ മൂടി നിന്റെ മുഖപടം
വേനലില്‍ മഴയായ് വന്നെന് മെയ് നനച്ചു നീ’ എത്രയോ ഭാവാര്‍ദ്രമായ വരികള്‍. മനോഹരമായ ഒരു ഗസല്‍ പോലെയാണ് സിതാരയുടെ ആലാപനം. കബീര്‍ ഇബ്രാഹിമിന്റേതാണ് ഈ ഗാനത്തിലെ വരികള്‍. സിതാര തന്നെ സംഗീതം പകര്‍ന്നിരിക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.
സിതാരയുടെ ബാന്റായ മലബാറിക്കസാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഡോ സജീഷ് എം ആണ് ഈ സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് ലഭിക്കുന്നതും.
അതുപോലെ തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘ഉയരെ’ എന്ന ചിത്രത്തില്‍ സിത്താര ആലപിച്ച ‘നീ മുകിലോ…’ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പാര്‍വ്വതി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഉയരെ’. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.
അതേസമയം കുറഞ്ഞ കാലയളവുകൊണ്ട് ലോകമെന്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഫ്ളവേഴ്സ് ടോപ് സിംഗര്‍ പരിപാടിയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് സിത്താര. സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.