ബി എം ഡബ്ല്യു നാലാം തലമുറ X5 ഇന്ത്യന്‍ വിപണിയില്‍; അറിയേണ്ടതെല്ലാം
കെട്ടിലും മട്ടിലും നിറയെ പുതുമകളുമായി ബി എം ഡബ്ള്യു X5 ന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. 20വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999 ല്‍ പുറത്തിറക്കിയ ആദ്യ X5 ല്‍ നിന്നും 2019-ലെ നാലാം പതിപ്പില്‍ എത്തി നില്ക്കുമ്പോള് കാലാനുസൃതമായി നിരവധി മാറ്റങ്ങളാണ് സ്റ്റൈലിങ്ങിലും ഫീച്ചേര്‍സിലും ബിഎംഡബ്ല്യു അവതരിപ്പിച്ചിരിക്കുന്നത്.
പരമ്പരാഗത കിഡ്നിഗ്രില്ലില് തുടങ്ങുന്നു ഈ മാറ്റം, വലിപ്പം കൂട്ടി ക്രോമിയത്തിന്റെ സിംഗിള്‍ പീസ് ചട്ടക്കൂട് നല്‍കിയിരിക്കുന്ന ഗ്രില്‍ മുന്നില്‍ നിന്നുള്ള കാഴ്ചയില്‍ വാഹനത്തിന് ഗാംഭീര്യം നല്കുന്നു.
ഗ്രില്ലിനൊപ്പം എയര്‍ ഡാം ഏരിയയും വലുതാക്കില്ലിട്ടുണ്ട് മൂന്നായി തിരിച്ചിരിക്കുന്ന എയര്‍ഡാമിന്റെ വശങ്ങളിലാണ് ഫോഗ് ലാംപ് ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നത്. വശങ്ങളില് നിന്ന് നോക്കുമ്പോള്‍ പരിചിതമായ രൂപമാണെങ്കിലും മസ്കുലര്‍ രൂപം വര്‍ദ്ധിപ്പിക്കാന്‍ പുതിയ ഡിസൈനിലുള്ള ലൈനിങ്ങിനായിട്ടുണ്ട്. ട്വിന്‍ സ്പോക് അലോയ് വീലുകളാണ് വാഹനത്തിന്.
ലേസര്‍ ടെക്നോളജി ഉപയോഗിച്ചിരിക്കുന്ന ഹെഡ് ലാംപും 3D സ്റ്റൈലിങ്ങുള്ള ബ്രേക്ക് ലൈറ്റും വാഹനത്തിന്റെ റോഡ് പ്രസന്‍സില്‍ കാര്യമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്.
പിന്‍ഭാഗത്തേക്ക് വരുമ്പോള്‍ വലിപ്പം കൂടിയ സ്കിഡ് പ്ലേറ്റാണ് ആദ്യം ശ്രദ്ധിക്കുക. രണ്ട് ഭാഗങ്ങളായി മുകളിലേക്കും താഴേക്കും തുറക്കുന്ന ടെയില്‍ ഗേറ്റ് ആക്സസ് ചെയ്യാന്‍ ഒരു സിംഗിള്‍ ടച്ച് മാത്രം മതി. മുന്‍ മോഡലിനെ അപേക്ഷിച്ച് നീളവും വീതിയും ഉയരവും വര്‍ദ്ധിച്ചിട്ടുണ്ട്. (L4922mm, W2004mm, H1745mm) വര്‍ദ്ധിച്ച അളവുകള്‍ ഉള്ളിലെ സ്ഥലമായി മാറ്റുന്നതില്‍ ബി എം ഡബ്ല്യു വിജയിച്ചു എന്നു പറയാം.
വിശാലമായ സീറ്റുകളും ഇഷ്ടം പോലെ ലെഗ് റൂമും ദൂരയാത്രകളെ സുഖകരമാക്കും. പിന്‍സീറ്റിലേക്ക് ചാര്‍ജിംങ്ങ് പോയന്റും റിയര്‍ എസി വെന്റും ടച്ച് സ്കീന് ഡിസ്പ്ലേയും നല്‍കിയിട്ടുണ്ട്.
വാഹനത്തിനുള്ളിലെ മറ്റൊരു പ്രത്യേകത അതിവിശാലമായ സണ്‍റൂഫാണ്. മുന്നില്‍ നിന്നു തുടങ്ങി പിന് സീറ്റുവരെയെത്തുന്ന സണ്‍റൂഫ് പുത്തന്‍ അനുഭവമൊരുക്കുമെന്ന് സംശയമില്ല. ചൂടാക്കാനും തണുപ്പിക്കാനും കഴിയുന്ന തെര്‍മല്‍ കപ്പ് ഹോള്‍ഡറുകളാണ് മറ്റൊരു പ്രത്യേകത. പുതിയ ഡിസൈനിലുള്ള 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനോട് ഇന്റഗ്രേറ്റ് ചെയ്താണ് ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീന്‍ ഘടിപ്പിച്ചിരിക്കുന്നത്. എ സി വെന്റുകള്‍ക്കും മ്യൂസിക് കണ്ട്രാേളുകള്ക്കും നല്‍കിയിരിക്കുന്ന ക്രോമിയം ഫിനിഷ് ലക്ഷ്വറി ഫീല്‍ കൂട്ടുന്നവയാണ്.
ഡാഷ് ബോര്‍ഡില്‍ ഇന്റഗ്രേറ്റ് ചെയ്ത സെന്റര്‍ കണ്‍സോളിന് ഒഴുകിയിറങ്ങുന്ന ഡിസൈനാണ്. ഡാഷ് ബോര്‍ഡിനെയും സെന്റര്‍ കണ്സോളിനെയും പൊതിഞ്ഞ് പ്രീമിയം ലെതറിന്റെ ആവരണവുമുണ്ട്. ഗിയര്‍ ലിവറും എഞ്ചിന് സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടനുകളും അടക്കം സെന്റര്‍ കണ്‍സോളിലെ കണ്ട്രോളുകള്ക്ക് ക്രിസ്റ്റല്‍ ഗ്ലാസ്സിന്റെ ആവരണം നല്‍കിയിരിക്കുന്നത് പുതിയ പരിക്ഷണമാണ്.
നിരവധി സുരക്ഷാ സാങ്കേതിക വിദ്യകളാണ് X5 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് എയര്‍ബാഗുകള്‍, അറ്റന്റ്റീവ്നെസ് അസിസ്റ്റന്‍സ്, ഡൈനാമിക്ക് സ്റ്റെബിലിറ്റി കണ്ട്രോള്, കോര്‍ണറിംഗ് ബ്രേക്ക് കണ്ട്രോള് , ഓട്ടോ ഹോള്‍ഡോട് കൂടിയ ഇലക്ട്രിക്ക് പാര്‍ക്കിംഗ് ബ്രേക്ക്, സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് വെഹിക്കിള്‍ ഇമ്മൊബിലൈസര്‍, ക്രാഷ് സെന്‍സര്‍, ചൈല്‍ഡ് സീറ്റ് മൌണ്ടിംഗ് എന്നിവ കൂടാതെ എയര്‍ സസ്പെന്‍ഷനും ഓഫ് റോഡ് പാക്കേജുകളും ഓപ്ഷനലായും ലഭ്യമാണ്.
അവസാനം ഓടിയ 15 മീറ്റര്‍ ദൂരത്തെ സ്റ്റിയറിങ് റൊട്ടേക്ഷനും വാഹനത്തിന്റെ സ്പീഡുമെല്ലാം ഓര്‍ത്തുവെച്ച് ഓട്ടോമാറ്റിക്കായി പാര്‍ക്കിംഗില്‍ നിന്നു പുറത്തു കടക്കാനുള്ള കഴിവും പുതിയ X 5നുണ്ട്. ബിഎംഡബ്ല്യു എക്സ്5 എക്സ് ഡ്രൈവ് 30ഡിയുടെ ത്രീ ലിറ്റര്‍ സിക്സ് സിലിണ്ടര്‍ ഡീസല്‍ എന്ജിന് 1500 2,500 ആര്‍പിഎമ്മില്‍ 620 എന്‍എം പരമാവധി ടോര്‍ക്കും 195 കിലോവോട്ടും / 265 എച്ച്പിയും ഉത്പാദിപ്പിക്കുന്നു. വെറും 6.5 സെക്കന്‍ഡില്‍ ഈ കാര്‍ 1100 കിലോമീറ്റര്‍ വേഗതയിലേക്ക് എത്തും. സ്പോര്‍ട്ട് പതിപ്പിന് 72, 90,000 രൂപയും എക്സ്ലൈന് പതിപ്പിന് 82,40,000 രൂപയും എം സ്പോര്‍ട്ട് പതിപ്പിന് 82, 40,000 രൂപയുമാണ് വാഹനത്തിന്റെ വില.
വിഷ്ണു പി വിശ്വനാഥ്