മോഹന്‍ലാലിന്റെ വിസ്മയ ഭാവങ്ങളുമായി വിത്യസ്തമായൊരു ചിത്രപ്രദര്‍ശനം
മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം. മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം വിശേഷിപ്പിക്കുമ്പോള്‍ ഈ വിശേഷണങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ യോഗ്യനാണ് മോഹന്‍ലാല്‍ എന്ന് പറയാതിരിക്കാനാവില്ല. വെള്ളിത്തിരയില്‍ ഭാവങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ക്കാറുണ്ട് എല്ലായ്പ്പോഴും താരം. മോഹന്‍ലാലിന്റെ വിത്യസ്ത കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചിത്രപ്രദര്‍ശനം നടത്തുകയാണ് ഡോ. നിഖില്‍ വര്‍ണ. കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ ആരംഭിച്ച പ്രദര്‍ശനം ഈ മാസം 25 ന് സമാപിക്കും.
മോഹന്‍ലാലിന്റെ 333 സിനിമകളിലെ വിത്യസ്ത കഥാപാത്രങ്ങളെയാണ് വേറിട്ട രീതിയില്‍ ചിത്രങ്ങളായി നിഖില്‍ ഒരുക്കിയിരിക്കുന്നത്. എട്ട് വര്‍ഷത്തെ പരിശ്രമം വേണ്ടി വന്നു ഈ ചിത്ര പ്രദര്‍ശനത്തിന്. സ്പര്ശനത്തിന് സാധ്യത നല്‍കിക്കൊണ്ടാണ് ഈ ചിത്രങ്ങള്‍ ഒക്കെയും വരച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു ആകര്‍ഷണം.
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21 നാണ് ഈ ചിത്രപ്രദര്‍ശനം ആരംഭിച്ചത്. ഓരോ മോഹന്‍ലാല്‍ സിനിമയും പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് അനുസരിച്ചാണ് പ്രദര്‍ശനത്തിലെ ഓരോ ചിത്രങ്ങളും ക്രമീകരിച്ചിരിക്കുന്നത്. തൃശൂര്‍ സ്വദേശിയാണ് നിഖില്‍ വര്‍ണ.
Read more:കേന്ദ്രകഥാപാത്രമായി ഗോകുലം ഗോപാലന്; ‘നേതാജി’യുടെ ടീസര്‍
കാലാന്തരങ്ങള്‍ക്കുമപ്പറും ജീവിക്കുന്നവയാണ് മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍. നമുക്ക് പാര്‍ക്കാം മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തിലെ സോളമനും നാടോടിക്കാറ്റിലെ ദാസനും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനുമെല്ലാം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. എന്നിട്ടും ഇന്നും ഈ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്ക്കുന്ന എന്നതു തന്നെയാണ് ലാല്‍ വിസ്മയത്തിന്റെ തെളിവ്.
1978 ല്‍ ഭാരത് സിനി ഗ്രൂപ്പ് നിര്‍മ്മിച്ച തിരനോട്ടം എന്നതായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസങ്ങള്‍ മൂലം ഈ ചിത്രം തീയറ്ററുകളിലെത്തിയില്ല. 1980 ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മോഹന്‍ലാല്‍ അഭിനയിച്ച് പ്രേക്ഷക മുന്നിലേക്കെത്തിയ ആദ്യ ചിത്രം. പിന്നീടങ്ങോട്ട് മുന്നൂറിലധികം ചലച്ചിത്രങ്ങളിലൂടെ താരം വെള്ളിത്തിരയില്‍ തെളിഞ്ഞു നില്ക്കുന്നു