ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തി; അതീവ ജാഗ്രതാ നിർദ്ദേശം

May 3, 2019

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. ഒഡീഷയിലെ പുരി തീരത്താണ് ഫോനി എത്തിയത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 200 കിലോമീറ്റർ ആണ്. ഒഡീഷയിലെ പതിനാല് ജില്ലയിൽ നിന്നായി പതിനൊന്ന് ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു. എന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ കാറ്റ് അതിതീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒഡീഷയ്ക്ക് പുറമെ ബംഗാൾ, ആന്ധ്ര സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം അധികൃതർ നല്‍കിയിട്ടുണ്ട്. ഒഡീഷയിൽ 13 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റ് ശക്തമായതിനാൽ തീരദേശങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പരമാവധി ആളുകളെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ഒഡീഷയിലെ ഗന്‍ജം, ഗജപതി, പുരി, ഖുര്‍ദ, നയഗഢ്, കട്ടക്ക്, ധന്‍കനല്‍, ജഗത് സിങ് പൂര്‍, കേന്ദ്രപര, ജജ്പൂര്‍, കിയോഞ്ചര്‍, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ 14 ജില്ലകളിലെ 10000 ഗ്രാമങ്ങളെയും 54 നഗരങ്ങളെയും കൊടുങ്കാറ്റ് ബാധിക്കും. ബംഗാളില്‍ പുര്‍ബ, പശ്ചിം,മേദിനിപൂര്‍, വടക്ക്, കിഴക്ക് സൗത്ത് 24 പര്‍ഗനാസാ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ബാധിക്കും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോണി കേരളം,  തമിഴ്നാട്, ആന്ധ്രാ തീരങ്ങളെ കടന്നാണ് ഇപ്പോൾ ഒഡീഷയിലേക്ക് എത്തിയിരിക്കുന്നത്. കാറ്റ് ബംഗാളിലേക്കും എത്തുമെന്നാണ് സൂചന. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.

Read also: &‘അല്പം വൈകിയാലും ജീവൻ രക്ഷിക്കുന്നതല്ലേ ബുദ്ധി’ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

അതേസമയം ഫോണി രൂപപ്പെട്ട  സാഹചര്യത്തിൽ നേരത്തെ കേരളത്തിന്റെ മിക്ക ഇടങ്ങളിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിരുന്നു. കേരളത്തിൽ ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനൊപ്പം മത്സ്യത്തൊഴിലാകൾക്ക് കടലിൽ പോകുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിരുന്നു. കേരളത്തിലുണ്ടായ കനത്ത മഴയിലും കടലാക്രമണത്തിലും തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. കേരളത്തിന്റെ മിക്ക ഇടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്..


അതേസമയം മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവർക്കും, മലയോര മേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിരുന്നു. മലയോര മേഖലയിൽ ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ ഉള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിക്കുന്നുണ്ട്. ബീച്ചുകളിലേക്കും മലയോര പ്രദേശങ്ങളിലേക്കുമുള്ള വിനോദ യാത്രകളും പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കടലാക്രമണത്തിൽ നിരവധി വീടുകളും സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്നും അധികൃതർ അറിയിക്കുന്നുണ്ട്. എന്നാൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശങ്ങൾ ഉണ്ട്.