നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സിനിമാക്കാരും മനുഷ്യരാണ് ഭായ്
വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങളുടെ, സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതില്‍ കൗതുകം കുറച്ച് കൂടുതലാണ് പലര്‍ക്കും. സിനിമ പോലെ ഇത്രയും ജനപ്രിയമായ മറ്റൊരു മേഖല തന്നെ ഉണ്ടാവില്ല. സിനിമ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. എന്നിട്ടും സിനിമാക്കാരുടെ അരങ്ങിലെയും അണിയറയിലെയും വിശേഷങ്ങള്‍ പലപ്പോഴും ചികഞ്ഞു ചെല്ലാറുണ്ട്. ഇത്തരം എത്തി നോട്ടങ്ങളില്‍ നിന്നുമാണ് പലപ്പോഴും വ്യാജ വാര്‍ത്തകളും ഉടലെടുക്കുന്നത്.
വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുപലുമില്ലാത്ത ചലച്ചിത്ര താരങ്ങളെ കെട്ടിച്ചുവിടുന്നതിലാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ ഏറെ താത്പര്യം കാണിക്കാറ്. അല്ലെങ്കില്‍ സന്തോഷപൂര്‍ണമായി ദാമ്പത്യ ജീവിതത്തെ മുമ്പോട്ടു കൊണ്ടുപോകുന്ന താരദമ്പതികള്‍ പിരിഞ്ഞു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ഉടലെടുക്കുന്നു. സങ്കല്പങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ചുകെട്ടിക്കൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് മുമ്പിലേക്കെത്തുന്നത് എന്ന തിരിച്ചറിവിലേക്ക് പലപ്പോഴും നാം എത്തിച്ചേരാറില്ല.
സിനിമാക്കാരും മനുഷ്യരാണ് ഭായ്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നമ്മെക്കുറിച്ച് ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴുണ്ടാകുന്ന അവസ്ഥ. അതേ അവസ്ഥയിലൂടെ തന്നെയായിരിക്കാം താരങ്ങളും കടന്നു പോവുക. മോര്ഫും ഫോട്ടോഷോപ്പുമൊക്കെ ചെയ്ത് മോഡി കൂട്ടിയ ചിത്രങ്ങളുമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ മാനസീകമായി അതത്ര സ്വീകാര്യമായിരിക്കണമെന്നില്ല പലര്‍ക്കും.
Read more:വാര്‍ത്തകളിലെ വ്യാജന്മാരെ തിരിച്ചറിയാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
സിനിമാക്കാരെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളെ, ‘ഇതൊക്കെ വെറും ഗോസിപ്പുകള്‍ അല്ലെ’യെന്നും പറഞ്ഞ് പലപ്പോഴും നാം തള്ളിക്കളയാറുണ്ടെങ്കിലും, ഈ വാര്‍ത്ത രണ്ട് പേര്‍കൂടി കാണട്ടെ എന്ന് ചിന്തിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ അത്ര നിസാരവത്കരിക്കാനാകില്ല ഗോസിപ്പുകളെ. ചില മനസുകളെ അത്രമേല്‍ വേദനപ്പിക്കാനും ഒരു പക്ഷെ ഇത്തരം ഗോസിപ്പുകള്‍ക്ക് കഴിയും. പിന്നെയും എന്തിനാണ് വെറുതെയിങ്ങനെ നുണക്കഥകള്‍ പറഞ്ഞു പരത്തുന്നത് എന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരം മുട്ടും. കണ്ടതും കേട്ടതുമെല്ലാം എടുത്തുചാടി മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുന്നതിനു മുമ്പേ ഇത്തരം വാര്‍ത്തകളുടെ സത്യാവസ്ഥ ഒന്നു അറിഞ്ഞിരിക്കുന്നതും നല്ലതു തന്നെ.
വാട്സ്ആപ്പിലും ഫെയ്സബുക്കിലുമെല്ലാം പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്യാജ വാര്‍ത്തകളെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഒരാളുടെ വ്യക്തി ജീവിതത്തിലേക്ക് നുഴഞ്ഞുകയറുമ്പോള്‍ ഇതേ നുഴഞ്ഞുകയറ്റം തിരിച്ചുണ്ടായാലോ എന്നുകൂടി ചിന്തിക്കണം. ബൈബിളില്‍ പറയുന്നതു പോലെ ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ’. പരിപൂര്‍ണ്ണ നീതിമാന്മാര് ഇക്കാലത്ത് കുറവാണ്. അതുകൊണ്ട്തന്നെ ഒരാളുടെ ഭൂതവും ഭാവിയുമെല്ലാം ചികഞ്ഞ് മെനഞ്ഞെടുക്കുന്ന ഗോസിപ്പുകള്‍ക്ക് പ്രധാന്യം നല്കാതിരിക്കുന്നതാണ് നല്ലത്.