അറിയാം മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങള്‍
ആരോഗ്യ കാര്യത്തില്‍ ഇലക്കറികള്‍ക്കുള്ള സ്ഥാനം ചെറുതല്ല. ഒരുകാലത്ത് വീട്ടു വളപ്പുകളില്‍ നിന്നും സുലഭമായി ലഭിച്ചിരുന്ന ഒന്നായിരുന്നു മുരിങ്ങയില. എന്നാല്‍ കാലം കടന്നുപോയപ്പോള്‍ പല ഇടങ്ങളില്‍ നിന്നും മുരിങ്ങയിലയും മെല്ലെ മെല്ലെ അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു. മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല. നിരവധിയായ ജീവിത ശൈലി രോഗങ്ങളെ ഒരു പരിധി വരെ ചെറുക്കാനും മുരിങ്ങയിലയ്ക്ക് ആവും. പ്രോട്ടിനും ഇരുമ്പുമെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട് മുരിങ്ങ ഇലയില്‍. ചെറിയ ചില ജീവിതശൈലി രോഗങ്ങള്‍ പണ്ടുകാലത്തുള്ളവര്‍ ആശ്രയിച്ചിരുന്ന ഒരു ഒറ്റമൂലി കൂടിയാണ് മുരിങ്ങയില. മുരിങ്ങയിലയുടെ ചില ആരോഗ്യ ഗുണങ്ങള്‍ പരിചയപ്പെടാം.
വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ് മുരിങ്ങയില. അതുകൊണ്ടുതന്നെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മുരിങ്ങയില സഹായിക്കുന്നു. നാരുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ ദഹനം സുഗമമാക്കുന്നതിനും മുരിങ്ങയില സഹായിക്കുന്നു. ഇരുമ്പ് മുരിങ്ങയിലയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും മുരിങ്ങയില സഹായിക്കുന്നു. ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറവുള്ളവര്‍ മുരിങ്ങയില ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് കൂടുതല്‍ ഗുണകരമാണ്. കണ്ണിന്റെ ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്. മുരിങ്ങയിലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് തിമിര രോഗത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.മുരിങ്ങയിലയില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പാലും മുട്ടയും ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് മുരിങ്ങയില ധൈര്യമായി ശീലമാക്കാം. ശരീരത്തിന് ആവശ്യമായ പ്രോട്ടിന്‍ മുരിങ്ങയില പ്രദാനം ചെയ്യും. അതുപോലെതന്നെ ആന്റിഓക്‌സിഡന്റുകളും മുരിങ്ങയിലയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മ സംരക്ഷണത്തിനും മുരിങ്ങയിലയിലെ ഈ ഘടകം ഗുണം ചെയ്യും. കാല്‍സ്യവും അന്നജവും മുരിങ്ങയിലയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും മുരിങ്ങയില ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്.കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് മുരിങ്ങയില നല്ലതാണ്. മുരിങ്ങയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആരോഗ്യകരമാണ്. ജലദോഷത്തില്‍ നിന്നെല്ലാം മുക്തി നേടാന്‍ ഇത് സഹായിക്കുന്നു. അതുപോലെതന്നെ മുരിങ്ങയില ഉപ്പു ചേര്‍ത്ത് അരച്ച് വേദനയോ നീരോ ഉള്ള ശരീരഭാഗങ്ങളില്‍ തേയ്ക്കുന്നത് വേദനയെയും നീരിനെയും അകറ്റാന്‍ സഹായിക്കുന്നു. അതുപോലെ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ ആരോഗ്യത്തിനും മുരിങ്ങയിലയുടെ നീര് കുടിക്കുന്നത് നല്ലതാണ്.