‘ദിസ് ഈസ് നോട്ട് എ ലൗ സ്റ്റോറി’; ‘ഇഷ്ക്’ റിവ്യൂ വായിക്കാം..
സിനിമയിൽ ചിലരെങ്കിലും അഭിനയിക്കാറില്ല, പകരം ജീവിക്കാറാണ് പതിവ്. കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് സിനിമയിൽ ജീവിക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. കുറഞ്ഞ ചിത്രത്തിലൂടെത്തന്നെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നായകനായി മാറിയ ഷെയ്ൻ, സച്ചിദാനന്ദൻ എന്ന ചെറുപ്പക്കാരനായി എത്തി അവിശ്വസനീയമാം വിധം അഭിനയിച്ച ചിത്രമാണ് നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ഇഷ്ക്.
വലിയ കൊട്ടിഘോഷങ്ങളോ ആർപ്പുവിളികളോ ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങുചെന്നു ഇഷ്കിലൂടെ സച്ചി (ഷെയ്ൻ നിഗം ) എന്നു തന്നെ പറയാം. ചിത്രത്തിന്റെ പേരും സിനിമയും തമ്മിൽ എന്ത് ബന്ധമെന്ന് സിനിമ കണ്ടിറങ്ങുന്ന ഏതൊരു സാധാരണക്കാരനും ചിന്തിച്ചുപോകാം. യുവജനങ്ങളെ ആകർഷിക്കാൻ മാത്രമാണോ ഈ പേര് നല്കിയതെന്നുപോലും പലരും ചിന്തിച്ചിട്ടുണ്ടാവാം..എന്നാൽ സംവിധായകൻ പറഞ്ഞതുപോലെ ഈ ചിത്രം ഒരു കംപ്ലീറ്റ് പ്രണയകഥയല്ലെങ്കിലും പ്രണയത്തിന്റെ പശ്ചാത്തലമില്ലാതെ പറയാൻ സാധിക്കാത്ത ഒരു ത്രില്ലർ മൂഡിലുള്ള ചിത്രമാണ്. അതുകൊണ്ടുതന്നെ ഈ പേര് ചിത്രത്തിന് അനുയോജ്യമാണ്.
ആരെയും പിടിച്ചിരുത്തുന്ന മനോഹര പ്രണയത്തിന്റെ പശ്ചാത്തലത്തിലൂടെ പറഞ്ഞുതുടങ്ങുന്ന ചിത്രം, അവസാനം എത്തിനിൽക്കുന്നത് ആരും ചിന്തിക്കാത്ത ഒരു ട്വിസ്റ്റിലാണ്. പലരും അനുഭവിക്കുന്ന എന്നാൽ പറയാൻ മടിക്കുന്ന ചില സാമൂഹ്യ വിഷയങ്ങളും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. സച്ചിയുടെയും വസു (ആൻ ശീതൾ) വിന്റെയും മനോഹര പ്രണയത്തിൽ അലിഞ്ഞുചേർന്നുപോകുന്ന ആസ്വാദകനെ പെട്ടെന്നുണ്ടാകുന്ന ചില പ്രശ്നങ്ങൾ അസ്വസ്ഥരാക്കുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ രണ്ടാം പകുതിയിൽ എത്തുന്നതുമുതൽ സച്ചിയിൽ ഉണ്ടാകുന്ന ഓരോ മാറ്റവും കാഴ്ച്ചക്കാർ ഏറെ ആസ്വദിക്കുന്നുണ്ട്.
ചിത്രത്തിൽ ഷെയ്ൻ നിഗത്തിന് ഒപ്പം ഒരുപക്ഷെ ചില നിമിഷങ്ങളിൽ ഷെയ്ൻ നിഗത്തിനപ്പുറം മികച്ച പ്രകടനം കാഴ്ചവെച്ച ഷൈൻ ടോം ചാക്കോയുടെ അഭിനയവും എടുത്തുപറയേണ്ടതുതന്നെയാണ്. ചിത്രത്തിന്റെ ആദ്യ പകുതിവരെ ആൽവിച്ചനായി എത്തിയ ഷെയ്ൻ ടോം ചാക്കോയായിരുന്നു ഹീറോ എങ്കിൽ രണ്ടാം പകുതി മുതൽ സച്ചിയുടെ അവിശ്വസനീയ പ്രകടനമാണ് വെള്ളിത്തിരയിൽ മിന്നിമറിഞ്ഞത്. രണ്ടാം ഭാഗം മുതൽ സച്ചി എന്ന പാവം ചെറുപ്പക്കാരന്റെ ഉള്ളിലെ ഒരു സൈക്കോ ഉണർന്നെണീക്കുകയായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ‘ഗോഡ് ഓഫ് റിവഞ്ച്’ ആയി മാറുകയായിരുന്നു സച്ചി.
സ്വന്തം പെണ്ണിനോട് അപമര്യാദയായി പെരുമാറുന്ന ഏതൊരാണിനോടും തോന്നുന്ന വികാരങ്ങളാണ് സച്ചിയിലും ഉണ്ടായത്. എന്നാൽ സച്ചിയുടെ പ്രതികാരത്തിന്റെ രീതി തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയാണ് ജനിപ്പിച്ചത്. വലിയ ആക്ഷനോ, മാസ്മരിക പ്രകടനങ്ങളോ ആയി എത്തുന്ന കണ്ടുപഴകിയ നായകന്മാരെക്കാളും ഷമ്മിയെപോലുള്ളവരെ സ്വീകരിച്ചുതുടങ്ങിയ ഏതൊരു ആസ്വാദകനും സച്ചിയേയും ഹൃദയത്തിലേറ്റുമെന്നുറപ്പാണ്.
എന്നാൽ ചിത്രത്തിന്റെ മുഖ്യ ആകർഷണം അവസാനത്തെ ട്വിസ്റ്റിലാണ്. പെണ്ണിന്റെ വിശുദ്ധി അവളുടെ ശരീരത്തിലാണെന്ന് വിശ്വസിക്കുന്ന ഏതൊരു കാമുകനോടുമുള്ള പെണ്ണിന്റെ പ്രതികാരത്തിന്റെ ഏറ്റവും ലളിതമായ രൂപവും ഈ ചിത്രം പറഞ്ഞു വയ്ക്കുണ്ട്.
പ്രണയത്തെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്യപ്പെടാത്ത കാര്യങ്ങളാണ്ചിത്രത്തിൽ പ്രതിപാദിക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന സച്ചി എന്ന ചെറുപ്പക്കാരൻ സമൂഹത്തിലെ എല്ലാ കാമുകന്മാരുടെയും പ്രതിരൂപമാണെന്നുതന്നെ നിസംശയം പറയാം. ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ഉദ്ദേശിച്ച സദാചാര ഗുണ്ടായിസവും, മറ്റ് സമൂഹ്യ വിഷയങ്ങളും കാഴ്ച്ചക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നുതന്നെ വേണം പറയാൻ. പ്രണയത്തിനൊപ്പമുണ്ടാകുന്ന പൊസസീവ്നെസ്, ഈഗോ എന്നിവയെകുറിച്ചൊക്കെ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ്, മാല പാർവതി, ജാഫർ ഇടുക്കി എന്നിവരും ഇഷ്കില് പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
സിനിമാ അവബോധത്തെ മുന്നോട്ടു നയിക്കുന്ന സിനിമകള്‍ ഉണ്ടാവേണ്ടത് ഏതു കാലത്തിന്റെയും ആവശ്യമാണ്. ഒരു സെക്കന്റു പോലും സ്ക്രീനില്‍ നിന്നു കണ്ണെടുക്കാനാവാത്ത വിധം അതിവിദഗ്ധമായി സംവിധായകൻ ഓരോ സംഭവങ്ങളെയും കോര്‍ത്തിണക്കിയിട്ടുണ്ട്. അതും തെല്ലും അതിഭാവുകത്വമോ അതിശയോക്തിയോ ഇല്ലാതെ എന്നതാണ് ഏറെ ശ്രദ്ധേയം. മികച്ച ഒരു തിരക്കഥയ്ക്ക് ജന്മം നൽകിയ രതീഷ് രവിയും കൈയ്യടിക്ക് അർഹനാണ്.. കഥയുടെ മൂഡിനും സൗന്ദര്യത്തിനും അനുസരിച്ചുള്ള ലൈറ്റിങ്ങിലൂടെ ഛായാഗ്രഹണവും അതിഗംഭീരമായി. പ്രണയത്തിന്റെ സൗന്ദര്യം തുറന്നുകാണിച്ച സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടി.
വീര്‍പ്പടക്കി തുടക്കം മുതല്‍ കാണാന്‍ തോന്നിയെങ്കില്‍ അതിന് ചിത്രസംയോജനം കൂടി എടുത്തുപറയേണ്ടതായുണ്ട്.
അനു ജോർജ്