ഗജരാജവീരന്മാരേപ്പോല് നെറ്റിപ്പട്ടവും പൂമാലകളും ചാര്‍ത്തി ആനവണ്ടികള്‍; വേറിട്ടൊരു ഉത്സവക്കാഴ്ച
ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങളായി വാര്‍ത്തകള്‍ സജീവമാണ്. ഉത്സവക്കാലത്ത് നെറ്റിപ്പട്ടവും പൂമാലകളുമൊക്കെ ചാര്‍ത്തിക്കൊണ്ടുള്ള ആനകളുടെ വരവ് കാണാന്‍ തന്നെ നല്ല ചേലാണ്. എന്നാല്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് തികച്ചും വിത്യസ്തമായ ഒരു ഉത്സവ കാഴ്ച.
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തോടനുബന്ധിച്ചായിരുന്നു ഈ വിത്യസ്ത കാഴ്ച അരങ്ങേറിയത്. തലവാചകം വായിച്ചപ്പോള്‍ തന്നെ ചിലരെങ്കിലും നെറ്റിയൊന്ന് ചുളിച്ചിട്ടുണ്ടാകാം. പക്ഷെ സംഗതി സത്യമാണ്. ഈ ഉത്സവത്തില്‍ ഗജരാജ വീരന്മാരെപ്പോലെ നെറ്റിപ്പട്ടവും പൂമാലകളും ചാര്‍ത്തി അരങ്ങത്തിറങ്ങിയത് ആനകളല്ല മറിച്ച് കേരളത്തിന് പ്രീയപ്പെട്ട ആനവണ്ടികളാണ്. ആനവണ്ടി എന്ന കെഎസ്ആര്‍ടിസി ബസുകളുടെ വിളിപ്പേര് അങ്ങനെ അക്ഷരാര്‍ത്ഥത്തില്‍ ശരിയായി.
Read more:അനുജത്തിയുടെ പാട്ടിന് അനു സിത്താരയുടെ ഡാന്‍സ്; വീഡിയോ
കൊട്ടാരക്കര കെഎസ്ആര്‍ടിസ് ഡിപ്പോയിലെ മൊബൈല്‍ വര്‍ക്ക് ഷോപ്പാണ് മഹോത്സവത്തിന് ആനവണ്ടികളെ ആര്‍ഭാടപൂര്‍വ്വം എഴുന്നള്ളിച്ചത്. നെറ്റിപ്പട്ടവും പൂമാലകളും തോരണങ്ങളും ബലൂണുകളുമെല്ലാം എഴുന്നള്ളിപ്പിനെത്തിയ ആനവണ്ടികളുടെ ചന്തം കൂട്ടുന്നു. തലയെടുപ്പുള്ള കൊമ്പന് എത്തിയതുപോലുള്ള ആവേശത്തോടെയാണ് കൊട്ടരക്കരക്കാര് അണിഞ്ഞൊരുങ്ങിയ ആനവണ്ടികളെ വരവേറ്റതും. എന്തായാലും ഈ വരവേല്പ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
കൊട്ടരക്കര കെഎസ്ആര്‍ടിസി വര്‍ഷങ്ങളായി ഈ മഹോത്സവത്തിന്റെ ഭാഗമാകാറുണ്ട്. വ്യത്യസ്തമായി എന്തെങ്കിലും ഉത്സവത്തിനായി ചെയ്യണം എന്ന ആഗ്രഹത്തില്‍ നിന്നുമാണ് ആനവണ്ടിയെ അണിയിച്ചൊരുക്കി എഴുന്നള്ളിക്കാന്‍ തീരുമാനിച്ചത്.
അതേസമയം തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ ഉപാധികളോടെ അനുമതി ലഭിച്ചു. തെച്ചിക്കോട്ടുകാവിന് നിലനില്‍ക്കുന്ന വിലക്ക് ഒരു മണിക്കൂര്‍ നേരത്തേക്കാണ് നീക്കിയിരിക്കുന്നത്. കുട്ടികളടക്കം 13 പേരെ കൊലപ്പെടുത്തിയതിനാലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്. ജില്ലാ കളക്ടറാണ് വിലക്ക് നീക്കിയത്. ഇതുപ്രകാരം നാളെ രാവിലെ 9.30 മുതല്‍ 10.30 വരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരം ചടങ്ങിനായി എഴുന്നള്ളിക്കാന്‍ സാധിക്കും.