ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സായി പല്ലവി; വീഡിയോ

May 29, 2019

വെള്ളിത്തിരയില്‍ വിത്യസ്ത കഥാപാത്രമായി തിളങ്ങുമ്പോഴും പരസ്യചിത്രങ്ങളില്‍ അത്രകാര്യമായി പ്രത്യക്ഷപ്പെടാറില്ല സായി പല്ലവി. അടുത്തിടെ കോടികള്‍ പ്രതിഫലം നല്‍കാമെന്നറിയിച്ചിട്ടും ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ക്ഷണത്തില്‍ സായി വിസമ്മതം അറിയിച്ചതും ചലച്ചിത്ര ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സായി പല്ലവി. ഒരു അഭിമുഖത്തിലാണ് സായി പല്ലവി പരസ്യത്തില്‍ നിന്നും പിന്മാറിയതിന്‍റെ കാരണം പങ്കുവെച്ചത്.

സായി പല്ലവിയുടെ അനുജത്തി പൂജയ്ക്ക് നിറം ഒരല്പം കുറവാണ്. എന്നാല്‍ കണ്ണാടിയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും അവള്‍ സായി പല്ലവിയുടെ വെളുത്ത നിറത്തെക്കുറിച്ച് പറഞ്ഞിരുന്നു. അവള്‍ക്ക് ബര്‍ഗര്‍ പോലുള്ള ഫാസ്റ്റ് ഫുഡുകളാണ് കൂടുതല്‍ താല്‍പര്യം. അവളും സായിയെപോലെ വെളുക്കണമെന്നും അതിയായി ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ സായി പല്ലവി അനുജത്തി പൂജയ്ക്ക് വെറുതെ ഒരു ഉപദേശം നല്‍കി. പഴങ്ങളും പച്ചക്കറികളുമെല്ലാം ധാരാളമായി കഴിച്ചാല്‍ നിറം വയ്ക്കുമെന്നായിരുന്നു ആ ഉപദേശം. അതുകേട്ടതും ഇഷ്ടമല്ലാതിരുന്നിട്ടു പോലും പൂജ പഴങ്ങളും പച്ചക്കറികളുമെല്ലാം കഴിക്കാന്‍ തുടങ്ങി. ഇങ്ങനെയൊരു മാറ്റം തന്നെക്കാള്‍ അഞ്ച് വയസ് ഇളയതായ അനുജത്തിയില്‍ സംഭവിക്കാന്‍ തന്റെ വാക്കുകള്‍ കാരണമായത് സായി പല്ലവിയെ അസ്വസ്ഥമാക്കി. താന്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് ഫെയര്‍നെസ് ക്രീമിന്റേതു പോലുള്ള പരസ്യങ്ങളുടെ ഭാഗമാകാത്തതെന്നും സായി പല്ലവി പറഞ്ഞു.ഒരു പക്ഷെ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ചാല്‍ തനിക്ക് ലഭിക്കുന്ന വരുമാനംകൊണ്ട് കുറച്ച് ചപ്പാത്തിയോ അല്ലെങ്കില്‍ കുറച്ച് ചോറോ കഴിക്കാന്‍ സാധിച്ചേക്കാം. അത്തരം വരുമാനത്തേക്കാള്‍ ചുറ്റുമുള്ളവരുടെ സന്തോഷത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും താരം വ്യക്തമാക്കി. സായി പല്ലവിയുടെ ഇത്തരം സുതാര്യമായ നിലപാടുകളും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലും കൈയടി നേടാറുണ്ട്.

Read more:സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി ‘ഷിബു’; ജൂണില്‍ തീയറ്ററുകളിലേയ്ക്ക്

2008 ല്‍ പുറത്തിറങ്ങിയ ‘ധൂം ധാം’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള സായി പല്ലവിയുടെ അരങ്ങേറ്റം. 2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും താരം ചുവടുവെച്ചു. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. താരത്തിന്റെ മൂന്നമത്തെ മലയാള ചിത്രമാണ് അതിരന്‍.