ഉപാധികളോടെ അനുമതി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരവിളംബരത്തിനെത്തും
തൃശ്ശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും. പൂരത്തിന് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ ഉപാധികളോടെ അനുമതി ലഭിച്ചു. ജില്ലാ കളക്ടറായ ടി വി അനുപമയാണ് രാമചന്ദ്രനെ പൂരവിളംബരത്തിന് പങ്കെടുപ്പിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം ഒരു മണിക്കൂര്‍ നേരത്തേക്കാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിരിക്കുന്നത്. ഇതുപ്രകാരം നാളെ രാവിലെ 9.30 മുതല്‍ 10.30 വരെയാണ് പൂരം ചടങ്ങിനായി എഴുന്നള്ളിക്കാന്‍ സാധിക്കുക.
13 പേരെ കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തൃശൂര്‍ പൂരത്തിന് രാമചന്ദ്രനെ പങ്കെടുപ്പിക്കണമെന്ന് നിരവധി ആവശ്യങ്ങളും ഉയര്‍ന്നിരുന്നു. ഫിറ്റ്നെസ് ഉറപ്പാക്കിയ ശേഷം അനുമതി നല്‍കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു. ആനകളെ വിട്ടു നല്‍കുമെന്ന് ആനഉടമകളും അറിയിച്ചതോടെ പൂരത്തിലെ വലിയൊരു പ്രതിസന്ധിക്ക് പരിഹാരമായി.
Read more:ഗജരാജവീരന്മാരേപ്പോല് നെറ്റിപ്പട്ടവും പൂമാലകളും ചാര്‍ത്തി ആനവണ്ടികള്‍; വേറിട്ടൊരു ഉത്സവക്കാഴ്ച
ആനയെ പൂരത്തിന് പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം കളക്ടര്‍ക്ക് ഹൈക്കോടതി വിട്ടുനല്‍കിയിരുന്നു. എന്നാല്‍ രാമചന്ദ്രനെ പൂരത്തിന് പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികളും വേണമെന്ന് സര്‍ക്കാരും ജില്ലാ കളക്ടര്‍ക്ക് നിയമോപദേശം നല്‍കിയിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് വിദഗ്ധ ഡോക്ടര്‍മാരും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആനയ്ക്ക് മദപ്പാടില്ലെന്നും ശരീരത്തില്‍ മറ്റ് മുറിവുകള്‍ ഇല്ലെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായിട്ടായിരിക്കും രാമചന്ദ്രനെ പൂരത്തിനിറക്കുക. നെയ്തലക്കാവില്‍ നിന്നും ലോറിയില്‍ രാമചന്ദ്രനെ വടക്കുംനാഥനിലെത്തിക്കും. ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും. ഒരു തരത്തിലും ആനയുടെ സമീപത്തേക്ക് ചെല്ലാന്‍ കാഴ്ചക്കാരെ അനുവദിക്കില്ല. പത്ത് മീറ്റര്‍ ചുറ്റളവിലായിരിക്കും ബാരിക്കേഡ് കെട്ടുക. നാല് പാപ്പാന്മാര് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഒപ്പം ഉണ്ടാകണമെന്നതടക്കമുള്ള നിബന്ധനകളാണുള്ളത്.