14 മിനിറ്റ് രംഗം ഒറ്റഷോട്ടില്‍ പൂര്‍ത്തിയാക്കി ബിഗ്ബി; കൈയടിച്ച് ആരാധകരും

June 20, 2019

ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാനടനാണ് സിനിമാ ലോകം ‘ബിഗ് ബി’ എന്നു വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന്‍. തന്റെ അഭിനയ ജീവിതത്തില്‍ മറ്റൊരു ചരിത്രംകൂടി കുറിച്ചിരിക്കുകയാണ് താരം. പതിനാല് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം ഒറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കിയാണ് അമിതാഭ് ബച്ചന്‍ കൈയടി നേടുന്നത്. താരത്തെ അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി ട്വിറ്റ് ചെയ്തു. അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രമായെത്തുന്ന ചെഹരേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അണിയറ പ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ചുകൊണ്ട് ബിഗ്ബി ചരിത്രംകുറിച്ചത്.

അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘ചെഹരേ’. റുമി ജാഫ്രെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സരസ്വതി എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആനന്ദ് പണ്ഡിത് മോഷന്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ആനന്ദ് പണ്ഡിത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ‘ചെഹരേ’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2020 ഫെബ്രുവരി 21 ന് ചിത്രം തീയറ്ററുകളിലെത്തും. കൃതി ഖര്‍ബന്ദ, റിയ ചക്രവര്‍ത്തി, സിദ്ധാനന്ത് കപൂര്‍, റിത്മാന്‍ ചക്രവര്‍ത്തി, രാഘ് വീര്‍ യാദവ്, അനു കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more:ഇത് ആടുതോമയുടെ ലേഡി വേര്‍ഷന്‍; ശ്രദ്ധേയമായി ‘നീര്‍മാതളം പൂത്തകാലം’ ടീസര്‍

അമിതാഭ് ബച്ചന്‍ അവസാന ഷോട്ടിലെ പതിനാല് മിനിറ്റുള്ള വലിയ രംഗം ഒറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ എഴുന്നേറ്റു നിന്നു കൈയടിച്ചു. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അമിതാഭ് ബച്ചനെന്നും റസൂല്‍ പൂക്കിട്ടി ട്വിറ്ററില്‍ കുറിച്ചു.


അതേസമയം ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാവുകയാണ് താരത്തിന്റെ ചിത്രത്തിനു വേണ്ടിയുള്ള പുതിയ ലുക്ക്. അറ്റം കെട്ടിയ നീട്ടി വളര്‍ത്തിയ വെളുത്ത താടി തന്നെയാണ് പുതിയ ലുക്കിലെ മുഖ്യ ആകര്‍ഷണം. സ്യൂട്ട് ധരിച്ച് കഴുത്തില്‍ ഷാള്‍ അണിഞ്ഞ് തലയില്‍ കമ്പിളി കൊണ്ടുള്ള തൊപ്പിയുമായാണ് താരം ചെഹേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ് ബിയുടെ ഈ സ്‌റ്റൈലിഷ് ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നുണ്ട്.