ആദ്യ വനിതാ സംവിധായിക, അഡല്‍ട്ട്സ് ഒണ്‍ലി ചിത്രത്തിലെ ആദ്യ നായിക: ‘വിജയ നിര്‍മ്മല’ മലയാള ചലച്ചിത്രലോകം നെഞ്ചിലേറ്റുന്ന പേര്
മരണത്തെ രംഗബോധമില്ലാത്ത കോമാളി എന്നാണ് പലരും വിശേഷിപ്പിക്കാറുള്ളത്. പലപ്പഴും അത് അങ്ങനെതന്നെയാണ്. പ്രിയപ്പെട്ടവരെ പെട്ടന്നങ്ങ് കവര്‍ന്നെടുക്കും. പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മ്മലയെയും മരണം കവര്‍ന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചലച്ചിത്രലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട വനിതയാണ് വിജയ നിര്‍മ്മല. ചരിത്രം രചിച്ചവള്‍.
ചലച്ചിത്ര മേഖലയില്‍ വിജയ നിര്‍മ്മല എന്നത് കേവലം ഒരു പേരല്ല. പ്രതിഭാസം എനുതന്നെ വിശേഷിപ്പിക്കേണ്ടിവരും. വിത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമാ ലോകവും എക്കാലത്തും ഓര്‍മ്മിക്കേണ്ട പേരാണ് വിജയ നിര്‍മ്മലയുടേത്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക. അതിലുമുപരി ക്ലാസിക്ക് എന്ന് എക്കാലത്തും മലയാള ചലച്ചിത്ര ലോകം വിശേഷിപ്പിക്കുന്ന ‘ഭാര്‍ഗവിനിലയം’ എന്ന സിനിമയിലെ ഭാര്‍ഗവിക്കുട്ടി എന്ന അനശ്വര കഥാപാത്രത്തെ സമ്മാനിച്ച നായിക.സിനിമ എന്നത് സ്ത്രീകള്‍ക്ക് അത്ര എളുപ്പത്തില്‍ അനുഭവവേദ്യമാകാതിരുന്ന കാലത്താണ് വിജയ നിര്‍മ്മല സംവിധാനത്തിലും അഭിനയത്തിലുമെല്ലാം ചരിത്രം കുറിച്ചതെന്നോര്‍ക്കണം. മലയാളത്തിലെ ആദ്യ അഡല്‍ട്ട്സ് ഒണ്‍ലി ചിത്രമായ എം കൃഷ്ണന് സംവിധാനം നിര്‍വ്വഹിച്ച ‘കല്യാണ രാത്രിയില്‍’ എന്ന സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതും വിജയ നിര്‍മ്മല ആയിരുന്നു. ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രമായെത്തിയത് നിത്യഹരിത നായകന് പ്രേം നസീറും. അങ്ങനെ മലയാളത്തിലെ ആദ്യ എ പടത്തിലെ നായകന് എന്ന വിശേഷണം പ്രേം നസീറും നായിക എന്ന വിശേഷണം വിജയ നിര്‍മ്മലയും സ്വന്തമാക്കി. ഏറ്റവും അധികം സിനിമ സംഭിധാനം നിര്‍വ്വഹിച്ച വനിത എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും വിജയ നിര്‍മ്മലയ്ക്കാണ്.Read more:എനിക്കവളെ സ്നേഹിക്കാനാടോ.. രൂപക്കൂട്ടിൽ വയ്ക്കാനല്ല; തരംഗമായി ‘തണ്ണീർ മത്തൻ ദിനങ്ങളു’ടെ ട്രെയ്ലർ
തമിഴ്നാട്ടിലായിരുന്നു വിജയ നിര്‍മ്മലയുടെ ജനനം. 1957- ല്‍ ബാലാതാരമായി തെലുങ്ക് സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റംകുറിച്ചു. ‘ഭാര്‍ഗവീനിലയം’, ‘കല്യാണ രാത്രിയില്‍”, ‘റോസി’, ‘പോസ്റ്റുമാനെ കാണാനില്ല’, ‘നിശാഗന്ധി’, ‘കവിത’, ‘ദുര്‍ഗ’, ‘പൊന്നാപുരം കോട്ട’ തുടങ്ങി 25 ഓളം മലയാള സിനിമകളിലും വിജയ നിര്‍മ്മല ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1971 ലാണ് സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ‘മീന’ എന്നതാണ് ആദ്യ സംവിധാന സംരംഭം. തീയറ്ററുകളില്‍ നൂറ് ദിവസത്തോളം മികച്ച പ്രതികരണത്തോടെ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.