ആരാധകരോടുള്ള മോഹന്‍ലാലിന്റെ സ്‌നേഹം അത്ഭുതകരം എന്ന് അജു വര്‍ഗീസ്; വീഡിയോ

June 24, 2019

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ ആരാധകരോടുള്ള ഇടപെടലും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം വിശേഷിപ്പിക്കുമ്പോള്‍ ഈ വിശേഷണങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ യോഗ്യനാണ് മോഹന്‍ലാല്‍ എന്ന് പറയാതിരിക്കാനാവില്ല. വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്നുണ്ട് താരം. അതേസമയം താരജാഡകളില്ലാതെ ആരാധകരോട് പെരുമാറുന്ന മോഹന്‍ലാലിനെക്കുറിച്ച് മനോഹരമായുരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അജു വര്‍ഗീസ്.

ആരാധകര്‍ക്കായി തന്റെ സമയം മാറ്റിവയ്ക്കുന്ന മോഹന്‍ലാലിന്റെ ഒരു ടൈംലാപ്‌സ് വീഡിയോയും അജു വര്‍ഗീസ് പങ്കുവച്ചിട്ടുണ്ട്. ലൊക്കേഷനില്‍ മോഹന്‍ലാലിനെ കാണാനെത്തിയ 350 ല്‍ അധികം ആരാധകര്‍ക്കൊപ്പം ഫോട്ടോഎടുത്തും സംസാരിച്ചും ആരാധകരെ സന്തോഷിപ്പിക്കുന്ന താരത്തിന്റെ വീഡിയോയാണ് അജു വര്‍ഗീസ് പങ്കുവച്ചിരിക്കുന്നത്. തിരക്കുകള്‍ ഉണ്ടായിട്ടും ആകാധകരെ കാണാന്‍ സമയം കണ്ടെത്തുന്ന മോഹന്‍ലാല്‍ ഒരു അത്ഭുതമാണെന്നും അജു വര്‍ഗീസ് കുറിച്ചു. ടൈംലാപ്‌സ് വീഡിയോയില്‍ 35 പേര് മോഹന്‍ലാലിനൊപ്പം ഫോട്ടോ എടുക്കുന്നത് കാണാം. ഏകദേശം 350 ല്‍ അധികം പേര്‍ ഇതുപോലെവന്ന് ഫോട്ടോ എടുത്തുപോയെന്നും അജു വര്‍ഗീസ് കുറിച്ചു.

Read more:അമിതാഭ് ബച്ചനൊപ്പം ഇമ്രാന്‍ ഹാഷ്മി; ‘ചെഹരേ’യുടെ കാരക്ടര്‍ പോസ്റ്റര്‍

‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള കാഴ്ചയാണ് അജു വര്‍ഗീസ് പകര്‍ത്തിയത്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’. പേരില്‍ തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ചിത്രത്തിനു വേണ്ടിയുള്ള മോഹന്‍ലാലിന്റെ മോയ്ക്ക് ഓവര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

നവാഗതരായ ജിബി, ജോജുവാണ് ഇട്ടിമാണി, മേയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം താരം തൃശൂര്‍ ഭാഷയുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.’തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന’.