ആർമി പോലീസിലേക്ക് ഇനി വനിതകൾക്കും അപേക്ഷിക്കാം; അവസാന തിയതി ജൂൺ 8
ആർമി പോലീസിലേക്ക് ഇനി വനിതകൾക്കും അപേക്ഷിക്കാം. ഇതാദ്യമായാണ് ഉയർന്ന തസ്തികകളിലേക്ക് വനിതകൾക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത്തവണത്തെ സോൾഡ്ജിയർ ജനറൽ ഡ്യൂട്ടി തസ്തികകളിലെ ഒഴിവുകളിലേക്കാണ് പെൺകുട്ടികൾക്കും അവസരം ഒരുക്കിയിരിക്കുന്നത്. വിമിൻ മിലിട്ടറി പോലീസ് എന്ന വിഭാഗത്തിൽ 100 ഒഴിവുകളാണ് ഉള്ളത്. ജൂൺ എട്ടിന് മുമ്പായാണ് അപേക്ഷ അയക്കേണ്ടത്.
പത്താം ക്ലാസ്സ് മിനിമം യോഗ്യത ഉള്ളവർക്കാണ് അപേക്ഷ അയക്കാൻ അവസരം ഉള്ളത്. അതേസമയം 45 ശതമാനം മാർക്കോടെ എസ് എസ് എൽ സി പരീക്ഷ പാസായിരിക്കണം. പതിനേഴര വയസു മുതൽ 21 വയസ് വരെയാണ് അപേക്ഷ അയക്കാനുള്ള പ്രായപരിധി. വിധവകൾക്കും വിവാഹ മോചിതർക്കും വരെ അപേക്ഷ അയക്കാം. എന്നാൽ അപേക്ഷ അയച്ചത്തിന് ശേഷം നടത്തുന്ന പരിശീലന കാലയളവിൽ വിവാഹം കഴിക്കാനുള്ള അവസരം ഇല്ല. ഈ വർഷം ജൂലൈ, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായാണ് റിക്രൂട്മെന്റ് റാലി നടത്തുന്നത്. അംബാല, ലഖ്നൗ ബംഗളൂരു, ഷില്ലോങ് ജബൽപൂർ എന്നിവടങ്ങളിലായാണ് റിക്രൂട്മെന്റ് നടത്തുന്നത്.
വിവിധ ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ആദ്യ ഘട്ടത്തിൽ എഴുത്തുപരീക്ഷ ശാരീരിക ക്ഷമതാ പരീക്ഷ വൈദ്യ പരിശോധന എന്നിവ ഉണ്ടായിരിക്കും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ആളുകളെ ഈ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നത്.